മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കും: സുപ്രീംകോടതി

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി അറിയിച്ചു. ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ – ഹിന്ദ് എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ എന്‍.വി രമണ, അജയ് രസ്തോഗി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

വിവാഹ മോചനം, സ്ത്രീധനം ഉള്‍പ്പെടെയുള്ള മതാചാരങ്ങള്‍ അസാധുവാക്കിയ ശേഷം വീണ്ടും തുടര്‍ന്നാല്‍ എന്ത് ചെയ്യാനാകുമെന്നും ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു.

മുത്തലാഖ് അസാധുവാക്കിയതിലല്ല എതിര്‍പ്പെന്നും മൂന്നു വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷയില്ലെന്നും അന്തിമ ഫലം അനുഭവിക്കേണ്ടി വരുന്നത് ഭാര്യയാണെന്നും ഇക്കാര്യങ്ങളിലാണ് ആശങ്കയെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

മുസ്ലീം സമുദായത്തില്‍ ഭാര്യയുമായി വിവാഹമോചനം നടത്താന്‍ ഭര്‍ത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാല്‍ മതിയെന്ന ചട്ടമാണ് നിയമത്തിലൂടെ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ജൂലൈ 30നാണ് മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ പാസാകുന്നത്. ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്നതടക്കമുള്ള ശിക്ഷാവിധികളാണ് പുതിയ നിയമത്തില്‍ അനുശാസിക്കുന്നത്.

Top