വടക്ക് തെക്ക് സംസ്ഥാനങ്ങള്‍ തമ്മില്‍ കേന്ദ്രസര്‍ക്കാര്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നു സിദ്ധരാമയ്യ

Siddaramaiah

ബംഗളൂരു: വടക്ക് -തെക്ക് സംസ്ഥാനങ്ങള്‍ തമ്മില്‍ വേര്‍തിരിവു സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നികുതിപ്പണം സംസ്ഥാനങ്ങള്‍ക്കു വീതിച്ചുനല്‍കാന്‍ 2011ലെ സെന്‍സസ് ആധാരമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് സിദ്ധരാമയ്യ ആക്രമണം കടുപ്പിച്ചത്.

നികുതി വീതിക്കാന്‍ 15-ാം ധനകാര്യ കമ്മിഷന്‍ അടിസ്ഥാനമാക്കേണ്ടത് 2011ലെ സെന്‍സസ് കണക്കാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെ ധനകാര്യ കമ്മിഷനുകള്‍ 1971ലെ സെന്‍സസ് കണക്കാണ് ഉപയോഗിച്ചിരുന്നത്. ഇതു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നാണു സമൂഹമാധ്യമമായ ട്വിറ്ററില്‍ സിദ്ധരാമയ്യ കുറിച്ചത്. കേരള, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, പുതുച്ചേരി മുഖ്യമന്ത്രിമാരെയും ടാഗ് ചെയ്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

നികുതി വരുമാനം ഓരോ സംസ്ഥാനങ്ങള്‍ക്കു വീതിച്ചു കൊടുക്കേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കുന്നത് ധനകാര്യ കമ്മിഷനാണ്. ഇത്രയും നാള്‍ ഇതു തീരുമാനിക്കുന്നതിലുള്ള മുഖ്യ ഘടകം 1971ലെ സെന്‍സസ് ആയിരുന്നു. പുതിയ കമ്മിഷനോട് 2011ലെ സെന്‍സസ് മാനദണ്ഡമാക്കിയാല്‍ മതിയെന്നാണു മോദി സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഉത്തരേന്ത്യയില്‍ ജനസംഖ്യയില്‍ വന്ന വര്‍ധനവു മൂലം നികുതി വരുമാനത്തിന്റെ നല്ലൊരു പങ്കും അങ്ങോട്ടേക്കു പോകുമെന്നതാണു സിദ്ധരാമയ്യയുടെ ആശങ്ക. അതു ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ കുറവു വരുത്തും.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് സിദ്ധരാമയ്യയും കോണ്‍ഗ്രസും ഉന്നയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ‘തെക്കു – വടക്കു കാര്‍ഡ്’ ഇറക്കി കളം പിടിക്കാനുള്ള സിദ്ധരാമയ്യയുടെ ശ്രമം.

Top