പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ല; കേരളം പണം നല്‍കാമെന്ന് പറഞ്ഞിരുന്നു, ഇപ്പോള്‍ മാറ്റിപ്പറയുന്നു: പിയൂഷ് ഗോയല്‍

ഡല്‍ഹി: പ്രളയകാലത്ത് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പണം നല്‍കാമെന്ന് കേരളം നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് ഭക്ഷ്യധാന്യം നല്‍കിയത്. എന്നാല്‍ പിന്നീട് കേരളം നിലപാട് മാറ്റിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

പണം വാങ്ങുന്നതില്‍ അസ്വാഭാവികതയില്ല. പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാന്‍ കേരളം തയ്യാറാകണം. ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ കഴിയാത്തത് കേരള സര്‍ക്കാരിന്റെ പരാജയമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ജോസ് കെ മാണി എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയകാലത്ത് 89,540 ടണ്‍ അരിയാണ് അധികമായി കേരളത്തിന് അനുവദിച്ചത്. ഇതിന് ഒരു കിലോയ്ക്ക് 25 രൂപ നിരത്തില്‍ 233 കോടി രൂപ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

പണം നല്‍കിയില്ലെങ്കില്‍ സബ്‌സിഡിയോ കേന്ദ്രവിഹിതമോ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ കേരളത്തിന് കത്തു നല്‍കുകയും ചെയ്തിരുന്നു.

Top