നാല് വര്‍ഷത്തിന് ശേഷം നിയമ കമ്മീഷന്‍ പുനസംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: നാല് വർഷത്തിന് ശേഷം കേന്ദ്രസർക്കാർ നിയമ കമ്മീഷൻ പുനസംഘടിപ്പിച്ചു. കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയെയാണ് കമ്മീഷൻ ചെയർമാനായി നിയമിച്ചത്. കേരള ഹൈക്കോടതി മുൻ ജഡ്ജി കെ ടി ശങ്കരൻ, ആനന്ദ് പലിവാൾ, പ്രൊഫ. ഡി.പി. വർമ്മ, പ്രൊഫ. രാകാ ആര്യ, എം. കരുണാനിധി എന്നിവരാണ് മറ്റ് അംഗങ്ങൾ. നാളെ ചെയർമാനും അംഗങ്ങളും കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സ്ഥാനം ഏറ്റെടുക്കും. ജസ്റ്റിസ് ബി എസ് ചൗഹാൻ നിയമ കമ്മീഷൻ ചെയമർമാൻ സ്ഥാനത്ത് നിന്ന് 2018 ൽ വിരമിച്ചതിന് ശേഷം ലോ കമ്മീഷൻ നിയമനം നടത്തിയിരുന്നില്ല.

നിയമ കമ്മീഷൻ പുനസംഘടിപ്പിക്കുന്നതിലുള്ള കാലതാമസത്തിനെതിരെ സുപ്രീം കോടതിയിൽ നേരത്തെ പൊതുതാൽപര്യ ഹർജി എത്തിയിരുന്നു. ഏകീകൃത സിവിൽ കോഡ് അടക്കം സുപ്രധാന നിയമനിർമ്മാണങ്ങളെ കുറിച്ച് ചർച്ച ഉയരുമ്പോളാണ് പുതിയ നിയമ കമ്മീഷൻ ചുമതലയേൽക്കുന്നതെന്നതും ശ്രദ്ധേയമാണ്. സുപ്രധാന നിയമ നിർമ്മാണങ്ങളിൽ അടക്കം നിയമ കമ്മീഷൻറെ നിലപാട് കേന്ദ്രത്തിനും പ്രധാന്യമുള്ളതാണ്.

Top