കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളിയത് 2,37,876 കോടിയുടെ കോര്‍പ്പറേറ്റ് കടം;രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പോയവര്‍ഷം വിവിധ വ്യവസായികളുടെ 2,37,876 കോടി കോടി രൂപയുടെ കടം കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളിയെന്ന് രാഹുല്‍ ഗാന്ധി. കൊവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്ന സമയത്താണ് മോദി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

‘വിവിധ കമ്പനികളുടെ 2378760000000 രൂപയുടെ കടമാണ് മോദി സര്‍ക്കാര്‍ ഈ വര്‍ഷം എഴുതി തള്ളിയത്. ഈ തുക കൊണ്ട് കൊവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ജനങ്ങളിലെ 11 കോടി കുടുംബങ്ങള്‍ക്ക് 20,000 രൂപ വെച്ച് നല്‍കാമായിരുന്നു. ഇതാണ് മോദി ജിയുടെ വികസനത്തിന്റെ യാഥാര്‍ത്ഥ്യം,’ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

 

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഒരു മാസം പിന്നിട്ടിട്ടും കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്രം നിലവില്‍ വലിയ സമ്മര്‍ദത്തിലാണ്. ഇതിനിടയില്‍ കോര്‍പ്പറേറ്റുകളുടെ കടം എഴുതിത്തള്ളിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത് കേന്ദ്രത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ്.

കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

Top