റഫാല്‍ വില വെളിപ്പെടുത്തുന്നത് ശത്രു രാജ്യങ്ങളെ സഹായിക്കുമെന്ന് കേന്ദ്രം

rafale

ന്യൂഡല്‍ഹി: റഫാല്‍ വില പൂര്‍ണമായി വെളിപ്പെടുത്താന്‍ ആകില്ലെന്ന് കേന്ദ്രം. വെളിപ്പെടുത്തല്‍ ശത്രു രാജ്യങ്ങളെ സഹായിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നടപടി ക്രമങ്ങളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നും വിമാനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ വ്യക്തമാക്കണമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.

റഫാല്‍ കേസില്‍ ഇന്ത്യയുടെ പങ്കാളിയുടെ പേര് അറിയിക്കണമെന്നും റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നും സിബിഐ അന്വേഷണത്തില്‍ ഇപ്പോള്‍ തീരുമാനം ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്.

അതിനിടെ റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാറിനെതിരെ ആരോപണവുമായി എച്ച്എഎല്‍ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. റഫാല്‍ കരാര്‍ ഇന്ത്യയുടെ എയറോസ്‌പേസ് ഡിഫന്‍സ് ഏജന്‍സിയായ എച്ച്എഎല്ലിന് കൊടുക്കാതെ റിലയന്‍സിന് നല്‍കി എന്നതാണ് ആരോപണം.

ബംഗളൂരുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി ജീവനക്കാര്‍ രംഗത്തെത്തിയത്. സുപ്രീം കോടതി വിധി മോദി സര്‍ക്കാരിന് നിര്‍ണായകമാണ്.

Top