ബംഗാളിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേടെന്ന് കേന്ദ്രസർക്കാർ; റിപ്പോർട്ട് തേടി

ന്യൂഡൽഹി : ബംഗാളിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടെന്ന് കേന്ദ്രസർക്കാർ. സ്കൂൾ ഉച്ചഭക്ഷണപദ്ധതി ഫണ്ടിൽ നിന്നുള്ള തുക പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി വിനിയോഗിച്ചെന്ന് ആരോപിച്ച് കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി. പിഎം പോഷന്‍ പദ്ധതിക്കുള്ള തുക മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

‘‘നിലവിൽ ഉച്ചഭക്ഷണപദ്ധതിക്കായുള്ള ബാങ്ക് അക്കൗണ്ടിൽ എന്തുകൊണ്ടെന്ന് വിശദീകരിക്കാനാകാത്ത പണമുണ്ട്. ഇതിനെക്കുറിച്ച് ബംഗാൾ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പലവിധ പൊരുത്തക്കേടുകള്‍ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ട്. ഇതിൽ നിന്നും പണം പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി വിനിയോഗിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഒരേ അക്കൗണ്ട് തിരഞ്ഞെടുപ്പിന് ഉൾപ്പെടെ ഉപയോഗിച്ചെന്ന് വ്യക്തമാക്കാനായിട്ടില്ല.’’– കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കഴിഞ്ഞ മൂന്നുമാസത്തിനിടെ തുക അക്കൗണ്ടുകളിൽ വർധിച്ചതായാണ് കണ്ടെത്തിയത്. എന്നാൽ, തുക മിച്ചം വന്നത് അക്കൗണ്ടുകളിലേക്ക് തിരിച്ചെത്തിയതാണിതെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിനോട് സംസ്ഥാന സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Top