പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നു

popular front

ന്യൂഡല്‍ഹി: ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്ന കാരണം പറഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

നിയമവിരുദ്ധപ്രവര്‍ത്തനം തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തണമോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ആലോചന നടക്കുകയാണ്.

എന്‍.ഐ.എ.യ്ക്കുപുറമേ കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പോലീസും അന്വേഷിക്കുന്ന ഭീകരവാദക്കേസുകള്‍ മുന്‍നിര്‍ത്തിയാണ് നടപടിക്ക് നീക്കം. തങ്ങള്‍ അന്വേഷിക്കുന്ന ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന എന്‍.ഐ.എ.യുടെ ആരോപണമാണ് പ്രധാനമായും ആഭ്യന്തരമന്ത്രാലയം കണക്കിലെടുക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നിവയിലെ ഉന്നതരും കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്ന് നിരോധനവിജ്ഞാപനം ഇറക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാല്‍ പഴുതുകളില്ലാതെ വിജ്ഞാപനം തയ്യാറാക്കാനാണ് നിര്‍ദേശം.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്. എന്നാല്‍, ദേശവിരുദ്ധമായ യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ 10 കേസുകള്‍ മാത്രമാണ് തങ്ങള്‍ക്കെതിരേ ഉള്ളതെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം.

Top