കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. പുഴകളുടെയും കായലുകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്താതെ ടെര്‍മിനല്‍ നിര്‍മ്മാണം നടത്താനാണ് അനുമതി. പരിസ്ഥിതി സംരക്ഷിച്ചുള്ള നിര്‍മ്മാണം ഉറപ്പാക്കുമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.

15 വ്യത്യസ്ഥ റൂട്ടുകളില്‍ 38 ടെര്‍മിനലുകളാണ് വാര്‍ട്ടര്‍ മെട്രോയ്ക്കായി പണികഴിപ്പിക്കേണ്ടത്. വൈറ്റിലയും ഹൈക്കോടതി ഭാഗത്തും ടെര്‍മിനല്‍ നിര്‍മ്മാണം ഇതിനകം തുടങ്ങിയെങ്കിലും ചില റൂട്ടില്‍ സിആര്‍ഇസെഡ് നിയമത്തിലെ പ്രശനങ്ങള്‍ കാരണം നിര്‍മ്മാണം തുടങ്ങാനായിരുന്നില്ല. തുടര്‍ന്നാണ് വാട്ടര്‍ മെട്രോയുടെ നടത്തിപ്പ് ചുമതലയുള്ള കെഎംആര്‍എല്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയത്.

കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയും പദ്ധതിയ്ക്കായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രത്തില്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചാണ് അനുമതി നല്‍കിയത്. കായലുകളുടേയും പുഴകളുടെയോ സ്വാഭാവിക ഒഴുക്ക് തടയരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. ദുരന്ത നിവാരണപദ്ധതികളും സുരക്ഷാ മാര്‍ഗരേഖയും നടപ്പാക്കാനും പരിസ്ഥിതി മന്ത്രാലയും നിര്‍ദ്ദേശം നല്‍കി.

747.28 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വാട്ടര്‍ മെട്രോ കൊച്ചിയിലെ ജല ഗതാഗത രംഗത്ത് പുത്തന്‍ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 78 കിലോമീറ്ററില്‍ വ്യാപിക്കുന്ന ജലമെട്രോയ്ക്കായി ആദ്യ ഘട്ടം 16 സ്റ്റേഷനുകളാകും തയ്യാറാക്കുക. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലാണ് പരിസ്ഥിതി സൗഹാര്‍ദ്ദ ബോട്ടുകള്‍ തയ്യാറാക്കുന്നത്.ഈ വര്‍ഷം ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

Top