ജനാധിപത്യത്തിലെ കറുത്ത ദിനം; 370ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ മെഹബൂബ മുഫ്തി

mehbooba-mufti.jpg.image.784.410 (1)

ശ്രീനഗര്‍: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.

രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കം തീര്‍ത്തും ഏകപക്ഷീയമാണെന്നും അവര്‍ പറഞ്ഞു.

ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും കേന്ദ്രത്തിന്റെ തീരുമാനം കൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖമായി വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് വഞ്ചിക്കപ്പെട്ടെന്നും അവര്‍ കുറ്റപ്പെടുത്തി.

കശ്മീര്‍ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചിരിക്കുകയാണ്. ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായിട്ടാണ് വിഭജിച്ചിരിക്കുന്നത്. ജമ്മു-കശ്മീര്‍ ഇനി മുതല്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിപക്ഷം വന്‍ പ്രതിഷേധത്തിലാണ്.

നിലവില്‍ കശ്മീരിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഇതിനിടെ കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്നിരുന്നു. സാധാരണ വ്യാഴാഴ്ച ദിവസങ്ങളില്‍ ചേരുന്ന മന്ത്രിസഭ ഇന്ന് കൂടിയതു കശ്മീരിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായിരുന്നു.

കശ്മീരിലെ സ്ഥിതി വിശേഷങ്ങള്‍ കണക്കിലെടുത്ത് അമര്‍നാഥ് തീര്‍ഥാടനത്തില്‍ ഏര്‍പ്പെട്ടവരോട് യാത്ര നിര്‍ത്തി വെച്ച് തിരിച്ചു പോകാന്‍ ജമ്മു- കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top