66 കോടി വാക്‌സിന് ഓര്‍ഡര്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഡിസംബറോടെ 66 കോടി ഡോസ് വാക്സിന്‍ കൂടി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കി. സെപ്റ്റംബറില്‍ 22.29 കോടി ഡോസ് കോവിഷീല്‍ഡ് നല്‍കാന്‍ കഴിയുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിംഗ് ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

നേരത്തെ, ഒരു മാസം 20 കോടി ഡോസ് വാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ശേഷി വര്‍ധിപ്പിച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 37.50 കോടി ഡോസ് കോവിഷീല്‍ഡിനായി കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ ഓഡര്‍ പ്രകാരമുള്ള വിതരണം സെപ്റ്റംബര്‍ പകുതിയോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

അതേസമയം, രാജ്യത്ത് ഇതുവരെയായി 72.37 കോടി (72,37,84,586) വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 67 ലക്ഷത്തിലധികം (67,58,491) ഡോസ് വാക്സിനാണ് രാജ്യത്ത് നല്‍കിയത്.

 

Top