പിണറായി സർക്കാറിനെതിരെ കേന്ദ്ര സർക്കാർ നീക്കം, സി.ബി.ഐ ജോ.ഡയറക്ടർ കേരളത്തിൽ എത്തും . . .

രു ചെറിയ ഇടവേളക്കു ശേഷം വീണ്ടും ഇപ്പോൾ സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെയാണ് പരസ്യ പ്രതികരണവുമായി സ്വപ്ന രംഗത്തു വന്നിരിക്കുന്നത്. താനും ഈ കേസിൽ പ്രതിയായാലേ കേസിന് പൂർണ്ണത ഉണ്ടാകൂ എന്നാണ് സ്വപ്ന പറയുന്നത്. അതായത് സ്വപ്നയെ ആദ്യം പ്രതിയക്കുകയും പിന്നീട് അവരെ മാപ്പുസാക്ഷിയാക്കി രക്ഷപ്പെടുത്താനുമാണ് ഇ.ഡിയുടെ നീക്കമെന്നാണ് സംശയിക്കേണ്ടത്. ഇത്തരമൊരു സൂചന ലഭിച്ചതു കൊണ്ടു തന്നെയാണ് സ്വപ്നയും പരസ്യ പ്രതികരണത്തിന് മുതിർന്നിരിക്കുന്നത്.

അതുകൊണ്ടു തന്നെയാണ് ചില സംശയങ്ങളും ഉയരുന്നത്. യുണീടാക്കിന് കരാർ ലഭിക്കാൻ കോഴ വാങ്ങി എന്നതാണ് ശിവശങ്കറിനെതിരെയുള്ള കേസ്. ലൈഫ്മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപ കോഴ നൽകിയെന്നാണ് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നത്. ഈ കേസിൽ സ്വപ്ന സുരേഷിന്റെ മാത്രമല്ല സ്വർണ്ണക്കടത്തു കേസിൽ സ്വപ്നയുടെ കൂട്ടു പ്രതികളായ സരിത്തിന്റെയും സന്ദീപിന്റെയും മൊഴികളും ശിവശങ്കറിനെതിരായിരുന്നു.

ശിവശങ്കറിന് കോഴപണം ലഭിച്ചു എന്നാണ് സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സ്വപ്ന സുരേഷിന്റെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടിയോളം രൂപ ലൈഫ്മിഷൻ പദ്ധതി കരാറുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ച കമ്മീഷനാണ് എന്നതാണ് സ്വപ്നയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ്. വീണ്ടും വിശദമായ അന്വേഷണത്തിലേക്ക് ഇ.ഡി കടന്നിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ അറസ്റ്റ്.

തെറ്റ് ചെയ്തത് ശിവശങ്കരനല്ല ആര് തന്നെ ആയാലും അവർ തീർച്ചയായും ശിക്ഷിക്കപ്പെടണം. എന്നാൽ ഇതിന്റെ മറവിൽ രാഷ്ട്രീയ ‘താൽപ്പര്യം’ നടപ്പാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതും എതിർക്കപ്പെടേണ്ടതു തന്നെയാണ്. ശിവശങ്കറിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ അദേഹത്തെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും മുഖ്യമന്ത്രി നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ എന്തെങ്കിലും നിയമ വിരുദ്ധ പ്രവർത്തി നടത്തിയതായി ഒരു കേന്ദ്ര ഏജൻസിയും ഇതുവരെ കണ്ടെത്തിയിട്ടുമില്ല.

മുഖ്യമന്ത്രി ആകെ ചെയ്ത തെറ്റ് ശിവശങ്കറിനെ പോലുള്ളവരെ പ്രിൻസിപ്പൽ സെക്രട്ടറി ആക്കി എന്നുള്ളതാണ്. ഈ വിവാദത്തിൽ ഉൾപ്പെടും വരെ മികച്ച ട്രാക്ക് റെക്കോർഡുള്ള ഓഫീസറായിരുന്നു ശിവശങ്കർ. മാത്രമല്ല അദ്ദേഹത്തിനെതിരെ യാതൊരു ഇന്റലിജൻസ് റിപ്പോർട്ടുകളും ഉണ്ടായിരുന്നുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതിൽ ആർക്കും തെറ്റു പറയാൻ സാധിക്കുകയില്ല.

മനുഷ്യരുടെ മനസ്സ് തിരിച്ചറിയാനുള്ള യന്ത്രം സാക്ഷാൽ നരേന്ദ്ര മോദിയുടെ കൈവശം പോലും ഇല്ലന്നതും പ്രതിപക്ഷം ഓർത്തു കൊള്ളണം . ശിവശങ്കറിനെ നിയമിച്ചതു മാത്രമല്ല സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തതും പിണറായി സർക്കാറാണ്. സസ്പെൻഷനിൽ കഴിയുന്ന ഉദ്ദ്യോഗസ്ഥരെ എങ്ങനെയാണ് എപ്പോഴാണ് തിരിച്ചെടുക്കേണ്ടത് എന്നതൊക്കെ സെൻട്രൽ സർവ്വീസ് റൂൾസിൽ വ്യക്തമായും പറയുന്നുണ്ട്. അതു പ്രകാരം മാത്രമാണ് തിരിച്ചെടുത്തിരുന്നത്. ശിവശങ്കർ രണ്ടാമതും അറസ്റ്റിലായത് സർവ്വീസിൽ നിന്നും വിരമിച്ച ശേഷം മാത്രമാണ് അതു കൊണ്ട് ഇനി സസ്പെന്റ് ചെയ്യാൻ ആരു പറഞ്ഞാലും അതുമാത്രം ഇനി നടക്കുകയില്ല.

ശിവശങ്കറിന് ഒരു സംരക്ഷണവും സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ഇരിക്കുന്ന പദവിയുടെ മാന്യതയ്ക്ക് അനുസരിച്ച് പ്രവർത്തിച്ചില്ലങ്കിൽ നാളെ ആർക്കു വേണമെങ്കിലും ഈ അവസ്ഥയെ അഭിമുഖീകരിക്കേണ്ടതായി വരും. ശിവശങ്കർ എന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയിൽ പഴിചാരുന്ന പ്രതിപക്ഷം അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവസ്ഥയും ഒന്നു തിരിഞ്ഞു നോക്കുന്നതു നല്ലതാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സെക്രട്ടറിമാർ കേസിൽ പെടുന്നതും അറസ്റ്റിലാകുന്നതും രാജ്യത്ത് ഇത് പുതിയ സംഭവമൊന്നുമല്ല. ഇത്തരം സംഭവങ്ങൾ അറിഞ്ഞാൽ എന്തു നടപടി സ്വീകരിക്കുന്നു എന്നതിലാണ് കാര്യം. നടപടിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇതുവരെ കേരള സർക്കാർ ചെയ്തിട്ടില്ല.

സ്വപ്നയുടെ “സ്വപ്ന ലോകത്ത്” എത്തിയതാണ് ശിവശങ്കറിനു പറ്റിയ ആദ്യത്തെ തെറ്റ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കസേരയിൽ ഇരുന്ന് ഒരിക്കലും ഇത്തരമൊരു ബന്ധത്തിന് അദ്ദേഹം പോവരുതായിരുന്നു. ശിവശങ്കർ കാട്ടിയ ആ വിശ്വാസവഞ്ചനയുടെ പരിണിതഫലമാണ് സ്വപ്നയുടെ ആരോപണ ശരങ്ങളും അദ്ദേഹത്തിന്റെ അറസ്റ്റും. സ്വപ്നയ്ക്കും അവർക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഇനി വേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയാണ്. അതുവഴി ഇടതുപക്ഷത്തെ അസ്ഥിരപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കുറേ നാളുകളായി നിരന്തരം ആരോപണമുന്നയിച്ചിരുന്ന സ്വപ്ന സുരേഷ് വീണ്ടും അതേ ആരോപണം തന്നെയാണ് ഇപ്പോൾ കൂടുതൽ ശക്തമായി വീണ്ടും ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. “എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നു” പറഞ്ഞ സ്വപ്ന ഇ ഡി ശരിയായ പാതയിലൂടെയാണ് പോകുന്നതെന്നാണ് മാധ്യമക്കൾക്കു മുന്നിൽ അവകാശപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേര്‍ന്ന് കേരളം വിറ്റുതുലയ്ക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ എല്ലാസത്യവും പുറത്തുവരുമെന്നുമാണ്, സ്വപ്നയുടെ വാദം.

ബി.ജെ.പി ഭരിക്കുന്ന കർണ്ണാടകയിൽ നിന്നാണ് ഇത്തരമൊരു പ്രതികരണം അവർ നടത്തിയതെന്നതും ശ്രദ്ധേയമാണ്. ഇതോടൊപ്പം തന്നെ പഴയ ആ ബിരിയാണിച്ചെമ്പ് ആരോപണവും അവർ ആവർത്തിച്ചിട്ടുണ്ട്. ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയെന്ന സ്വപ്നയുടെ ആരോപണം നേരത്തെ പ്രതിപക്ഷം ഏറ്റുപിടിച്ചെങ്കിലും പൊതു സമൂഹത്തിനു മുന്നിൽ ചീറ്റി പോവുകയാണ് ഉണ്ടായിരുന്നത്. കേന്ദ്ര ഏജൻസികൾ അരിച്ചു പെറുക്കിയിട്ടും ബിരിയാണി ചെമ്പോ അത് എത്തിച്ചയാളെയോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഈന്തപ്പഴത്തിലും ഖുറാനിലും സ്വർണ്ണം കടത്തിയെന്ന ആരോപണത്തിലെ അന്വേഷണത്തിലും ഇതു തന്നെ ആയിരുന്നു അവസ്ഥ. സ്വപ്നസുരേഷ് കേന്ദ്ര ഏജൻസികളുടെ കളിപ്പാവയാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ നീക്കങ്ങളിലും സി.പി.എം കാണുന്നത് രാഷ്ട്രീയ പക തന്നെയാണ്. ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ച മട്ടിലാണ് സി.പി.എം നേതാക്കളും പ്രതികരിക്കുന്നത്.

സ്വർണ്ണക്കടത്തു ആരോപണത്തിനു പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നും മുഖ്യമന്ത്രിക്കും ശിവശങ്കറിനും പുറമെ മുഖ്യമന്ത്രിയുടെ ഭാര്യ, മകൾ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍, നളിനി നെറ്റോ, മുൻമന്ത്രി കെ ടി ജലീല്‍ എന്നിവര്‍ക്കെതിരെയും സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരുന്നത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസി തന്നിൽ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ച സ്വപ്നയാണ് ജയിലിൽ നിന്ന് പുറങ്ങിയ ശേഷം നേരെ മലക്കം മറിഞ്ഞിരുന്നത്. പൊലീസ് സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണെന്ന് താന്‍ ആദ്യം അങ്ങനെ പറഞ്ഞതെന്നാണ് സ്വപ്ന തിരുത്തിയിരുന്നത്. ഇതിനു ശേഷമാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ പോർമുഖം തുറന്നിരുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ സ്വപ്നയ്ക്ക് ആദ്യം അഭയം നൽകിയിരുന്നത് ആർ.എസ്.എസ് അനുകൂല സംഘടനയായിരുന്നു. ഇതുസംബന്ധമായും പിന്നീട് നിരവധി വിവാദങ്ങളാണ് അരങ്ങേറിയിരുന്നത്. തുടർന്ന് സ്വപ്ന എഴുതിയ അനുഭവ കഥയിലും ഇടതുപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് ഉണ്ടായിരുന്നത്. ഈ കഥയ്ക്കു പിന്നിലും വ്യക്തമായ ‘തിരക്കഥ’ ഉണ്ടെന്നാണ് സി.പി.എം നേതൃത്വം കരുതുന്നത്. നിലവിൽ സ്വപ്ന സുരേഷ് ബെംഗളുരുവിൽ ആണ് ഉള്ളത്.

അതേസമയം ലൈഫ് മീഷൻ ഇടപാട് സംബന്ധമായ കേസിൽ ശിവശങ്കർ അറസ്റ്റിലായതോടെ സി.ബി.ഐയും കടുത്ത നടപടിക്ക് ഒരുങ്ങുന്നതായാണ് സൂചന. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നിലവിൽ കേസ് അന്വേഷിക്കുന്നതെങ്കിലും ചെന്നൈയിലെ സി.ബി.ഐ ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം നടക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെ ആരോപണങ്ങളും അന്വേഷണവും എല്ലാം നീളാൻ തന്നെയാണ് സാധ്യത.

EXPRESS KERALA VIEW

Top