തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് സാമൂഹ്യസഹായധനം സീറോ ബാലന്‍സ് ജന്‍ധന്‍ ബാങ്ക് അക്കൗണ്ടിലൂടെ ഇനി സാധാരണക്കാരുടെ കൈകളിലെത്തും.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണായതോടെ, നിരവധി പാവപ്പെട്ടവരാണ് ദുരിതം അനുഭവിക്കുന്നത്. അതുകൊണ്ട് തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് കേന്ദ്രം 500 മുതല്‍ 2000 രൂപവരെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഈ പണമാണ് ജന്‍ധന്‍ ബാങ്ക് അക്കൗണ്ടിലൂടെ സാധാരണക്കാരുടെ കൈകളിലേക്കെത്തുന്നത്. രാജ്യത്ത് 38.28 കോടി ജനങ്ങള്‍ക്കാണ് ജന്‍ധന്‍ അക്കൗണ്ടുള്ളത്.
കര്‍ഷകര്‍ക്ക് 2000 രൂപ, വനിതകള്‍ക്ക് മൂന്ന് മാസക്കാലം 500 രൂപ വീതം, തൊഴിലുറപ്പ് കൂലി വര്‍ദ്ധന, വൃദ്ധകള്‍ക്കും വിധവകള്‍ക്കുമുള്ള സഹായം തുടങ്ങിയവയാണ് പാക്കേജിലുള്ളത്.
ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28-ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന് യോജന (പിഎംജെഡിവൈ). നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നുകൂടിയാണ് ഇത്. എല്ലാ മേഖലകളിലെയും ആളുകളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പിഎംജെഡിവൈ പദ്ധതി പ്രകാരം ഏതൊരാള്‍ക്കും ഇന്ത്യയിലെ ദേശ സാത്കൃത ബാങ്കുകളിലെ ഏതൊരു ശാഖയിലും മിനിമം ബാലന്‍സില്ലാതെ ബാങ്കുകളില്‍ അക്കൗണ്ട് ആരംഭിക്കാനും നിലനിറുത്താനും സഹായകമാണ്.