100 രൂപ നാണയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 100 രൂപ നാണയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഗ്വാളിയര്‍ രാജമാത വിജയരാജെ സിന്ധ്യയുടെ ജന്മശതാബ്ദി പ്രമാണിച്ച് നടന്ന വെര്‍ച്വല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 100 രൂപയുടെ പ്രത്യേക നാണയത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.

രാജമത സിന്ധ്യ തന്റെ ജീവിതം ദരിദ്രര്‍ക്കായി സമര്‍പ്പിച്ചു. ജനങ്ങളുടെ പ്രതിനിധികള്‍ക്ക് ‘രാജ് സത്ത’ അല്ല, ‘ജനസേവ’ പ്രധാനമാണെന്ന് അവര്‍ തെളിയിച്ചു. സ്വാതന്ത്ര്യസമരം മുതല്‍ സ്വാതന്ത്ര്യാനന്തര ദശകങ്ങള്‍ വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എല്ലാ സുപ്രധാന ഘട്ടങ്ങള്‍ക്കും അവര്‍ സാക്ഷിയായി, നാണയം പുറത്തിറക്കികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

മറ്റുള്ളവരെ സേവിക്കാന്‍ ഒരു വലിയ കുടുംബത്തില്‍ ജനിക്കേണ്ടതില്ലെന്ന് രാജമാത സിന്ധ്യ തന്റെ ജീവിതത്തിലൂടെ തെളിയിച്ചു. രാഷ്ട്രത്തോടുള്ള സ്‌നേഹവും ജനാധിപത്യ സ്വഭാവവുമാണ് വേണ്ടത്. ദരിദ്ര ജനങ്ങളുടെ അഭിലാഷങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് അവരുടെ ജീവിതം. ജനസേവനത്തിന് വേണ്ടി അവര്‍ തന്റെ ജീവിതം ഉഴിഞ്ഞ് വെച്ചെന്നും പ്രധാനന്ത്രി പറഞ്ഞു.

Top