അഖിലേന്ത്യാ സര്‍വീസ് പൂര്‍ണമായും കൈപ്പിടിയിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: അഖിലേന്ത്യാ സര്‍വീസ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ കൈപ്പിടിയിലാക്കുന്നു. സംസ്ഥാന സര്‍വീസിലുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നിയമനം തന്നിഷ്ടപ്രകാരമാക്കാന്‍ നിയമ ഭേദഗതിക്ക് കേന്ദ്രം തുടക്കമിട്ടു.

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ്(കേഡര്‍) റൂള്‍സ് 1954 ഭേദഗതി ചെയ്യുന്നതുകാട്ടി കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ടുമെന്റ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കേന്ദ്ര സര്‍വീസിലേക്ക് ആളെ കിട്ടുന്നില്ലെന്ന ന്യായമുയര്‍ത്തിയാണിത്. സംസ്ഥാനത്തിന്റെ പരിമിത അധികാരവും കവരുന്നതാണിത്. സംസ്ഥാനത്തിന്റെ അനുവാദമില്ലാതെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഇനി മാറ്റാം.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാരാണ് റിക്രൂട്ട്‌ചെയ്ത് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നത്. ഇവരുടെ ഡെപ്യൂട്ടേഷന്‍ നിയമനാധികാരി കേന്ദ്രമാണ്. എങ്കിലും നിയമനത്തിനായി നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥനും കൂടിയാലോചന നടത്താറുണ്ട്. ഇതിനായി ആരോഗ്യകരമായ കീഴ്‌വഴക്കമുണ്ട്.

ഡെപ്യൂട്ടേഷന്‍ നിയമനത്തിനായി മുന്‍ഗണാ പട്ടിക കേന്ദ്രത്തിന് കൈമാറുന്ന സംസ്ഥാനങ്ങളുമുണ്ടായിരുന്നു. ബിജെപി അധികാരത്തിലെത്തിയശേഷം ഇതെല്ലാം അട്ടിമറിച്ചു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി അഖിലേന്ത്യാ സര്‍വീസുകാരെ ഉപയോഗിക്കാന്‍ തുടങ്ങി.

തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലുമടക്കം ഇത് കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലിലേക്കെത്തി. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നീക്കം. ‘പ്രത്യേക സാഹചര്യ’ ത്തില്‍ കേന്ദ്രത്തിന് ഏത് ഉദ്യോഗസ്ഥനും ഡെപ്യൂട്ടേഷന്‍ നിയമനം നല്‍കാം. ഇതിലൂടെ സംസ്ഥാന ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റാം.

Top