ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കേന്ദ്ര മന്ത്രിയുടെ കത്ത്

ഡല്‍ഹി: ശബരിമലയിലെ തീര്‍ത്ഥാടക തിരക്കില്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഏറെ നേരം വരി നില്‍ക്കേണ്ടി വരുന്നതടക്കം നിലവില്‍ ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. വര്‍ഷത്തില്‍ 15 ലക്ഷത്തോളം ഭക്തര്‍ തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും വരുന്നവരാണ്. അവര്‍ക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. തെലങ്കാന ബിജെപി പ്രസിഡന്റാണ് കേന്ദ്ര സാംസ്‌കാരിക – ടൂറിസം വകുപ്പ് മന്ത്രിയായ കിഷന്‍ റെഡ്ഡി.

അതെസമയം,ശബരിമലയില്‍ ഭക്തജനങ്ങളുടെ പ്രവാഹം. അവധി ദിവസമായ ശനിയാഴ്ച ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 5 മണിവരെ 65000 പേരാണ് പതിനെട്ടാം പടി ചവിട്ടിയത്. പുലര്‍ച്ചെ മുതല്‍ തന്നെ ശബരിമലയില്‍ ഇന്ന് വലിയ ജനപ്രവാഹമായിരുന്നു. പുലര്‍ച്ചെ ഒരു മണി മുതല്‍ രാവിലെ ആറര മണി വരെയുള്ള സമയത്ത് തന്നെ 21000 പേര്‍ പതിനെട്ടാം പടി ചവിട്ടിയെന്നായിരുന്നു കണക്ക്. ശേഷവും ഭക്തജന പ്രവാഹം തുടരകുയാണ്. ഇന്ന് 90000 പേരാണ് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാണ് സ്ഥിതി.

ഇന്നലെ രാത്രി 12 മണി വരെ 84,793 പേര്‍ പതിനെട്ടാം പടി കയറിയിരുന്നു. പമ്പയില്‍ തിരക്കായതോടെ സത്രം – പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് വരുന്നവരുടെ എണ്ണം കൂടുന്നുണ്ട്. നാളെ ഞായറാഴ്ടയും വലിയ തിരക്കായിരിക്കും ശബരിമലയില്‍ അനുഭവപ്പെടുകയെന്നാണ് വ്യക്തമാകുന്നത്.

Top