സാമൂഹ്യ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി : സാമൂഹ്യ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി എ.ജി സുപ്രീം കോടതിയെ അറിയിച്ചു.

സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഹുവ മോയിത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ജസ്റ്റിസുമാരായ എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സോഷ്യല്‍ മീഡിയകളെ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് സുപ്രീംകോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം, രാജ്യത്തെ നിരീക്ഷണ വലയത്തില്‍ നിര്‍ത്തുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച് 2017 ല്‍ ഉണ്ടായ കോടതി ഉത്തരവ്, സോഷ്യല്‍ മീഡിയകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കുമെന്ന് കോടതി പറഞ്ഞിരുന്നു. വ്യക്തികളുടെ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും പൂര്‍ണമായും ഹനിക്കുന്നതാണ് ഈ നീക്കമെന്ന് ഹര്‍ജിയില്‍ എംഎല്‍എ മഹുവ മോയിത്ര ചൂണ്ടിക്കാട്ടിയിരുന്നു.

Top