സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം സര്‍ക്കാര്‍

ഡല്‍ഹി: സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രം വ്യക്തമാക്കി.

സൗജന്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ശ്രീലങ്കയിലേതടക്കം സാഹചര്യം ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്. മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികളെന്ന പേരില്‍ പണമൊഴുക്കുന്നതും സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു. പല സംസ്ഥാനങ്ങളിലേയും സാഹചര്യം ഇതിനോടകം തന്നെ ആശങ്കജനകമാണ് . രാജ്യത്തിന്റെ ഭാഗമല്ലായിരുന്നുവെങ്കില്‍ ഈ സംസ്ഥാനങ്ങള്‍ പലതും സാമ്പത്തികമായി തകരുമായിരുന്നു.

സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും സാമ്പത്തിക സുസ്ഥിരയുള്ളതല്ലെന്നും പ്രഖ്യാപനങ്ങള്‍ സാമ്പത്തികസ്ഥിതി അനുസരിച്ചാകാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്.

Top