അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ല: ആരോ​ഗ്യമന്ത്രി

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവശ്യ മരുന്നുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാളവ്യ. അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ അല്ല. ഹോള്‍സെയില്‍ വില സൂചികയുടെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ വില നിശ്ചയിക്കുന്നത്. ഹോള്‍സെയില്‍ വില സൂചിക ഉയരുമ്പോള്‍ മരുന്ന് വിലയും ഉയരുമെന്ന് മന്ത്രി വിശദീകരിച്ചു.

2013ലെ ഡ്രഗ്‌സ് പ്രൈസസ് കണ്‍ട്രോള്‍ ഓര്‍ഡറിലെ ഷെഡ്യൂള്‍ 1ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അവശ്യ മരുന്നുകളുടെ ഉത്പാദനവും ലഭ്യതയും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) നിരീക്ഷിക്കുന്നുണ്ടെന്നാണ് രേഖകളിലുള്ളത്. സംസ്ഥാന സര്‍ക്കാരുകളുടെ ഡ്രഗ്‌സ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ വഴിയാണ് നിരീക്ഷണം.

മരുന്നുകളുടെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) 10.76 ശതമാനം വര്‍ധിച്ചതായി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇത് 800 മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വിലക്കയറ്റത്തിലെത്തി. രാസഘടകങ്ങള്‍ക്ക് വിലകൂടിയത് അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിച്ചത്. സ്ഥിരം ഉപയോഗിക്കുന്ന പാരസെറ്റാമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ ഗുളികകള്‍ മുതല്‍ ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വരെ വില ഉയര്‍ന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങി മുടങ്ങാതെ മരുന്നുകള്‍ ഉപയോഗിക്കേണ്ട രോഗമുള്ളവര്‍ക്കാണ് ഏറ്റവും തിരിച്ചടി.

ജീവിതശൈലീ രോഗത്തിന് സ്ഥിരം മരുന്നുകള്‍ ഉപയോഗിക്കുന്നവരെ വിലവര്‍ധന ബാധിക്കും. സ്റ്റെന്‍ഡുകള്‍, കാന്‍സര്‍ മരുന്നുകള്‍ എന്നിവയെ നേരത്തെയുണ്ടായ വിലക്കയറ്റങ്ങള്‍ സാരമായി ബാധിച്ചിരുന്നു. വര്‍ധിപ്പിച്ച വില പുതിയ ബാച്ച് മരുന്നുകള്‍ക്കാണ് നല്‍കേണ്ടിവരിക. ഇതിനാല്‍ നിലവിലെ സ്റ്റോക്ക് തീരും വരെ മരുന്നുവില ഉയരില്ല.

 

Top