എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടറായി രാഹുൽ നവീനെ നിയമിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആക്ടിങ് ഡയറക്ടറായി രാഹുൽ നവീനെ നിയമിച്ച് കേന്ദ്രസർക്കാർ. 1993 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് രാഹുൽ നവീൻ. ആദായനികുതി വിഭാഗത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഇഡി ഹെഡ്ക്വാർട്ടേഴ്സ് വിജിലൻസ് മേധാവിയായും പ്രവർത്തിക്കും. ബിഹാർ സ്വദേശിയാണ് രാഹുൽ നവീൻ.

2018 ൽ ഇഡി മേധാവിയായ സഞ്ജയ് കുമാർ മിശ്രയെ അടുത്ത വർഷം വരെ പദവിയിൽ നിലനിർത്താനുള്ള കേന്ദ്രത്തിന്റെ ശ്രമം സുപ്രീം കോടതി തടഞ്ഞിരുന്നു. കഴിഞ്ഞ മേയിൽ മിശ്രയുടെ സേവനകാലാവധി നീട്ടിനൽകണമെന്ന കേന്ദ്രത്തിന്റെ അഭ്യർഥന തള്ളിയ സുപ്രീം കോടതി സെപ്റ്റംബർ 15ന് അദ്ദേഹം വിരമിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ആക്ടിങ് ഡയറക്ടറെ നിയമിച്ചത്.

അന്വേഷണ ഏജൻസികളായ സിബിഐ, എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ (സിഐഒ) എന്ന പേരിൽ പുതിയ പദവി സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. സിബിഐ, ഇഡി മേധാവികൾ സിഐഒയുടെ കീഴിലായിരിക്കും. ഇഡിയുടെ തലപ്പത്തുനിന്നു വിരമിക്കുന്ന സഞ്ജയ് കുമാർ മിശ്ര ആദ്യ സിഐഒ ആയേക്കും.

Top