വിദേശ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടി

oommen chandy

കൊച്ചി: വിദേശ സഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.

പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്ന കേരളത്തെ സഹായിക്കുന്നതിന് മറ്റ് രാജ്യങ്ങള്‍ മുന്നോട്ട് വരുമ്പോള്‍ അത് നിരസിക്കുന്നത് ശരിയല്ലെന്നും പ്രളയക്കെടുതി നേരിടുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പണം കണ്ടെത്തുന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇതിന് വേണ്ടി എല്ലാവരും കൈകോര്‍ക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ രാജ്യങ്ങളുടെ ധന സഹായം സ്വീകരിക്കില്ലെന്നും 15 കൊല്ലമായുള്ള നയം മാറ്റേണ്ടെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായ ഹസ്തവുമായി ഒട്ടുമിക്ക വിദേശരാജ്യങ്ങളും രംഗത്തെത്തിയിരുന്നു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്ന ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ്സ് തുടങ്ങിയ രാജ്യാന്തരസംഘടനകളോടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേരള സര്‍ക്കാരിന് അയയ്ക്കുന്ന സാധന സാമഗ്രികള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. സന്നദ്ധ സംഘടനകള്‍ക്കും ഇളവ് ലഭിക്കും. വ്യക്തികള്‍ക്ക് അയയ്ക്കുന്നതില്‍ ഇളവുണ്ടാകില്ല.

Top