സ്പ്രിംക്ലര്‍; സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കേരളത്തില്‍ വിവാദമായിക്കൊണ്ടിരിക്കുന്ന സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വന്‍ തോതിലുള്ള വിവര ശേഖരണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എത്ര വലിയ വിവരശേഖരണവും നിര്‍വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സൗകര്യങ്ങള്‍ സജ്ജമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍ഐസിയുടെ സഹായത്തോടെ വന്‍തോതിലുള്ള വിവര ശേഖരണം സാധ്യമാണ്. ആരോഗ്യ സേതു പദ്ധതി ഇതിനു ഉദാഹരണമായി സത്യവാങ്മൂലത്തില്‍ കേന്ദ്രം എടുത്തു പറയുന്നു.

ആരോഗ്യ സേതു ആപ്പില്‍ മാത്രം ഏഴ് കോടി പേരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളോടും ഇത് പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം. സ്പ്രിംക്ലര്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പൗരന്റെ അവകാശം സംരക്ഷിക്കാന്‍ പോന്നവയല്ല. കരാറിന്റെ അധികാര പരിധി ന്യുയോര്‍ക്ക് ആക്കിയത് വ്യക്തി താല്പര്യത്തിനു എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top