1181 ഐ.പി.എസുകാരുടെ മികവ് കേന്ദ്രം പരിശോധിച്ചു ; 10 പേര്‍ ഔട്ട്, ബാക്കി . . ?

ന്യൂഡല്‍ഹി: ഐ.പി.എസുകാരിലെ കളങ്കിതര്‍ ജാഗ്രത ! തൊപ്പി തെറിക്കുന്ന നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്നാലെയുണ്ട്. രാജ്യത്ത് ആകെയുള്ള 3972 ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ 1181 പേരുടെയും പ്രവര്‍ത്തന മികവും കേന്ദ്രം പരിശോധിച്ചു കഴിഞ്ഞു. ഇതില്‍ കുഴപ്പക്കാരായ ഉദ്യോഗസ്ഥരുടെ പ്രത്യേക ലിസ്റ്റ് തന്നെ ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് റെക്കോര്‍ഡ് ഉള്‍പ്പെടെ പരിശോധിച്ചാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ് ഐ.പി.എസുകാരിലെ പരിശോധന കര്‍ശനമാക്കുന്നത്.

പ്രവര്‍ത്തന മികവ് പുലര്‍ത്താത്ത 10 പേരോട് സ്വയം വിരമിക്കാന്‍ ഇതിനകം തന്നെ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിന് അവര്‍ തയ്യാറായില്ലങ്കില്‍ നിയമാനുസൃതമായ മാര്‍ഗ്ഗത്തിലൂടെ തന്നെ പുറത്താക്കും.

ആള്‍ ഇന്ത്യ സര്‍വ്വീസസ് റൂള്‍സ് 16(3)പ്രകാരമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍. ഈ റുള്‍ പ്രകാരം സംസ്ഥാന സര്‍ക്കാറിനോട് ആലോചിച്ച് 3 മാസ നോട്ടീസ് പിരീഡ് നല്‍കിയാണ് സ്വമേധയാ വിരമിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ പാതയില്‍ കുടുതല്‍ ഐ.പി.എസുകാര്‍ കുടുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കേന്ദ്ര സര്‍വ്വീസില്‍ കയറി കഴിഞ്ഞാല്‍ പിന്നെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുന്നതും നിഷ്‌ക്രിയരാവുന്നതും ഐ.പി.എസ് – ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ വ്യാപകമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വടിയെടുത്തത്.

സര്‍വീസ് ബുക്കില്‍ ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് ‘തിരിമറി’ നടത്തിയതായ സംശയത്തെ തുടര്‍ന്ന് ഐ.ബിയുടെ റിപ്പോര്‍ട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തേടിയിട്ടുണ്ട്.

ഇപ്പോള്‍ പ്രവര്‍ത്തന മികവില്ലെന്ന് കണ്ടെത്തിയവരില്‍ വലിയ കുഴപ്പക്കാരല്ലാത്തവര്‍ക്ക് തിരുത്താന്‍ ഒരവസരം നല്‍കും, എന്നിട്ടും തിരുത്തിയില്ലങ്കില്‍ നടപടി പിന്നാലെ ഉണ്ടാകുമെന്നാണ് സൂചന. അതേ സമയം മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ പ്രോത്സാഹനം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിശോധന ഇനിയും തുടരും.

ഐ.എ.എസ് ഒഫീസര്‍മാരില്‍ 2015 മുതല്‍ 2018 വരെ നടത്തിയ പരിശോധനയില്‍ 1143 പേരുടെ സര്‍വ്വീസ് റെക്കോര്‍ഡുകളാണ് പരിശോധിച്ചത്.ഇതില്‍ 4 പേരോട് സ്വയം വിരമിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെയെല്ലാം പേരുകള്‍ കേന്ദ്രം രഹസ്യമാക്കി വച്ചിരിക്കുകയാണ്. പ്രവര്‍ത്തന മികവില്ലാത്തവരില്‍ കേരളത്തിലെ ഐ.പി.എസുകാരും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

രാജ്യത്ത് ആകെ ആവശ്യമുള്ളത് 4940 ഐ.പി.എസുകാരെയാണ് ഇതില്‍ ഇപ്പോള്‍ ഉള്ളത് 3972 പേര്‍ മാത്രമാണ്. ഐ.പി.എസുകാരുടെ റികൂട്ട്‌മെന്റ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനം അധികം താമസിയാതെ ഉണ്ടാകും.

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top