ദീപാവലിക്ക് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: ദീപാവലിയും നവരാത്രിയും അടക്കമുള്ള ഉത്സവ കാലത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത. മൂന്ന് ശതമാനം ക്ഷാമബത്ത വര്‍ദ്ധിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ജൂലായില്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തോളം മരവിപ്പിച്ചിരുന്ന ക്ഷാമബത്ത ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയാണ് ക്ഷാമബത്ത ഉയര്‍ത്തിയത്. ലക്ഷകണക്കിന് വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും ക്ഷാമബത്ത ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

വീണ്ടും മൂന്ന് ശതമാനം ഉയര്‍ത്തിയാല്‍, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനമായി ഉയരും. നേരത്തെ ജീവനക്കാരുടെ എച്ച്.ആര്‍എയും സമാനമായി ഉയര്‍ത്തിയിരുന്നു. 24 ശതമാനത്തില്‍ നിന്ന് 27 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ വരുമാനത്തില്‍ കുറവ് ഉണ്ടായത് ചൂണ്ടിക്കാണിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ക്ഷാമബത്ത ഉയര്‍ത്തേണ്ട എന്ന് തീരുമാനമെടുത്തത്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ക്ഷാമബത്ത വര്‍ദ്ധിപ്പിക്കാനുളള തീരുമാനം.

Top