വാഹനങ്ങളുടെ നികുതി കുറയ്ക്കാനൊരുങ്ങി കേന്ദ്രം; എതിര്‍ത്ത് സംസ്ഥാനങ്ങള്‍

വാഹന നിര്‍മാണ മേഖല നഷ്ടത്തിലേക്ക് കൂപ്പു കുത്തുമ്പോള്‍ നികുതി കുറയ്ക്കാനുള്ള ഒരുക്കത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കേന്ദ്രത്തിന്റെ ഈ നടപടിയെ എതിര്‍ത്ത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. പുതിയ തീരുമാനമനുസരിച്ച് കാറുകളുടെയും ബൈക്കുകളുടെയും ജി.എസ്.ടി. 28-ല്‍ നിന്ന് 18 ശതമാനമാകും. ഇതുവഴി രാജ്യത്ത് ഈ വര്‍ഷം മാത്രം 50,000 കോടിയുടെ നികുതിനഷ്ടമുണ്ടാകുമെന്നാണ് കണക്ക്. അത് തങ്ങളുടെ കണക്കില്‍പ്പെടുത്തരുതെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

എന്നാല്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വിഷയത്തില്‍ മൗനം തുടരുകയാണ്. ഈ മാസം 20-ന് ഗോവയില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഈ തീരുമാനത്തെ കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ക്കുമെന്ന് കേരള ധനമന്ത്രി ഇതിനോടകം അറിയിച്ചിട്ടുണ്ട്.

പത്തുശതമാനം ജി.എസ്.ടി. കുറയ്ക്കുക വഴി വാഹനങ്ങളുടെ ഓണ്‍ റോഡ് വിലയില്‍ എട്ടു ശതമാനം വരെ കുറവ് വരും. അതുവഴി വില്പന മാന്ദ്യത്തിന് അറുതി വരുത്താമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ബൈക്കുകളുടെയും കാറുകളുടെയും വില്പനയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏതാണ്ട് 35 ശമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വാഹന നിര്‍മ്മാണ മേഖലയെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റാന്‍ ജി.എസ്.ടി. കുറയ്ക്കുകയെന്ന ആശയം ധനമന്ത്രാലയമാണ് മുന്നോട്ടുവെച്ചത്. ഇതിനെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ജി.എസ്.ടി. ഫിറ്റ്‌മെന്റ് കമ്മിറ്റിയാണ് ജി.എസ്.ടി. 28-ല്‍ നിന്ന് 18 ആക്കുക വഴി 50,000 കോടിയുടെ നികുതിനഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.

Top