അവയവദാനം നിയമം ഭേദഗതി ചെയ്യുന്നു ; ബന്ധുക്കളുടെ പട്ടികയിലേക്ക് കൂടുതൽപേർ

ന്യൂഡൽഹി: രക്തബന്ധത്തിനു പുറത്തുള്ള ബന്ധുക്കളിൽ നിന്നും അവയവം സ്വീകരിക്കാവുന്ന രീതിയിൽ അവയവദാന നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യും.

ഹ്യൂമൻ ഓർഗൻസ് ആൻഡ് ട്രാൻസ്പ്ളാന്റേഷൻ ആക്ടിൽ നിർവചിച്ചിരിക്കുന്ന നിയമപരമായി അവയവം ദാനം ചെയ്യാവുന്നവരുടെ പട്ടികയാണു പുതിയത്.

1994 ലെ നിയമത്തിൽ രോഗിയുടെ പങ്കാളി, മക്കൾ, അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിവരായിരുന്നു അടുത്ത ബന്ധുക്കളുടെ പട്ടികയിലുണ്ടായിരുന്നത്.

2011 ൽ അപ്പൂപ്പൻ, അമ്മൂമ്മ, ചെറുമക്കൾ എന്നിവരെ കൂടി ഈ പട്ടികയിൽ ചേർത്തു.

എന്നാൽ അവയവദാനം വേണ്ട വിധം വർധിക്കുന്നില്ലെന്ന വിലയിരുത്തലിലാണു പുതിയ 11 വിഭാഗം ബന്ധുക്കളെക്കൂടി ഉൾപ്പെടുത്തുന്നത്.

രക്തബന്ധമുള്ളവർക്കു പുറമെയുള്ള ദാതാക്കളിൽ നിന്ന് അവയവം സ്വീകരിക്കണമെങ്കിൽ നിലവിൽ ഓതറൈസേഷൻ കമ്മിറ്റിയുടെ അനുമതി വേണം.

തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെയും ഫൊറൻസിക് വിഭാഗം മേധാവിയുടെയും നേതൃത്വത്തിലാണ് ഈ കമ്മിറ്റി.

ഭേദഗതി അംഗീകരിക്കപ്പെടുന്നതോടെ, ഓതറൈസേഷൻ കമ്മിറ്റിയുടെ അനുമതി ആവശ്യമില്ലാതെയാകും.ഇളവുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല.

എങ്കിലും അവയവദാനം കൂടുതൽ സുതാര്യമാക്കാനും വേഗത്തിലാക്കാനും ഭേദഗതി പ്രയോജനം ചെയ്യുമെന്ന നിഗമനത്തിലാണു പട്ടിക വിപുലീകരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

രണ്ടാനച്ഛൻ, രണ്ടാനമ്മ, അവരുടെ മക്കൾ, അവരുടെ പങ്കാളികൾ മക്കളുടെ പങ്കാളികൾ. സ്വീകർത്താവിന്റെ പങ്കാളിയുടെ സഹോദരങ്ങൾ, അവരുടെ പങ്കാളികൾ,മാതാപിതാക്കളുടെ സഹോദരങ്ങൾ, അവരുടെ പങ്കാളികൾ മാതാപിതാക്കളുടെ സഹോദരങ്ങളുടെ മക്കൾ, അവരുടെ പങ്കാളികൾ എന്നിവരാണ് പുതിയ ബന്ധങ്ങൾ.

Top