മാടുകള്‍ക്ക് പിന്നാലെ അലങ്കാര മത്സ്യങ്ങള്‍ക്കും കേന്ദ്രത്തിന്റെ വിലക്ക് !

ന്യൂഡല്‍ഹി: മാടുകള്‍ക്ക് പിന്നാലെ അലങ്കാര മത്സ്യങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മീനുകളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും മത്സ്യങ്ങളുടെ പ്രദര്‍ശം പാടില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മീനുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വ പരിപാലത്തിനും വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മീനുകളുടെ രണ്ടാം പട്ടികയില്‍ പെടുന്ന 158 മത്സ്യങ്ങള്‍ക്കാണ് ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സാധാരണ അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ക്രൗണ്‍ ഫിഷ്, ബട്ടര്‍ഫ്ളൈ ഫിഷ്, എയ്ഞ്ചല്‍ ഫിഷ് തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തരവ് അനുസരിച്ച് ഇത്തരത്തിലുള്ള മീനുകളെ പിടിക്കാനോ, ചില്ലുഭരണികളില്‍ സൂക്ഷിക്കാനോ മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കാനോ പാടില്ല. മീനുകളെ പ്രദര്‍ശന മേളകളില്‍ പോലും കൊണ്ടുവരാന്‍ പാടില്ല. അത് കുറ്റകരമാണെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ വീടുകളിലെ അക്വേറിയങ്ങളെ സംബന്ധിച്ച് ഉത്തരവില്‍ വ്യക്തമായ പരാമര്‍ശമില്ല. എന്നാല്‍ അക്വേറിയങ്ങള്‍ സ്ഥാപിക്കുന്ന ഇടങ്ങളില്‍ ഒരു മൃഗഡോക്ടറും സഹായിയും ഉണ്ടാകണമെന്നും ഉത്തരവ് പറയുന്നു.

ഇതോടെ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളടക്കമുള്ളവയില്‍ നിന്നും അലങ്കാരമത്സ്യങ്ങള്‍ അപ്രത്യക്ഷമാകും.

Top