ഇന്ത്യ ചൈന-അതിര്‍ത്തി തര്‍ക്കത്തിനിടെ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും വാക്‌പോര് തുടരുന്നു

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ബിജെപിയുടെ ആരോപണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കും ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ വന്നെന്ന ഗുരുതരമായ ആരോപണമാണു കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനയോടു ‘പ്രത്യേക സ്നേഹവാല്‍സല്യം’ ഉണ്ടെന്ന് ആരോപിച്ച കോണ്‍ഗ്രസ്, പ്രമുഖ ചൈനീസ് കമ്പനികളായ ഷഓമി, ഓപ്പോ, വാവേയ് എന്നിവരുള്‍പ്പെടെ നൂറുകണക്കിനു കോടി രൂപ പിഎം കെയറിലേക്കു സംഭാവന ചെയ്‌തെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതിനോടു ബിജെപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കോവിഡിനുള്ള പിഎം കെയേര്‍സ് ഫണ്ടിലേക്കുള്ള സംഭാവന പോലെയല്ല സോണിയ ഗാന്ധിയും കുടുംബവും നിയന്ത്രിക്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പോലുള്ള സ്വകാര്യ സംഘടനകള്‍ക്കുള്ള സംഭാവനയെന്നു പാര്‍ട്ടി വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.

മേയ് 20ലെ കണക്കുപ്രകാരം പിഎം കെയേഴ്‌സ് ഫണ്ടില്‍ 9678 കോടി രൂപയാണു ലഭിച്ചത്. ചൈനീസ് സൈന്യം നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയ വേളയിലും പ്രധാനമന്ത്രി ചൈനീസ് കമ്പനികളില്‍ നിന്നു ഫണ്ട് സ്വീകരിച്ചു എന്നതു ഞെട്ടിക്കുന്നതാണ്’ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ആരോപിച്ചു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി നേരിട്ടു ബന്ധമുള്ള വാവേയ് 7 കോടി നല്‍കി. ടിക് ടോക് നല്‍കിയത് 30 കോടി. 38 ശതമാനം ചൈനീസ് ഉടമസ്ഥാവകാശമുള്ള പേടിഎം 100 കോടി നല്‍കി. ചൈനീസ് കമ്പനി ഷഓമി 15 കോടി രൂപ വാഗ്ദാനം ചെയ്തു. ചൈനീസ് കമ്പനി ഓപ്പോ ഒരു കോടി രൂപ സംഭാവന ചെയ്തു. തുടങ്ങിയ ആരോപണങ്ങള്‍ സിങ്വി മുന്നോട്ട് വച്ചു.

Top