ശബരിമല വിവാദം; സംഘർഷമുണ്ടായാൽ സംസ്ഥാന സർക്കാറിനെ പിരിച്ചുവിട്ടേക്കും

modi cm

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സംഘര്‍ഷം പൊട്ടി പുറപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമെന്ന് സൂചന.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ വാശി പിടിക്കുന്ന സര്‍ക്കാര്‍ മറ്റു ചില മത വിഭാഗങ്ങളുടെ കാര്യത്തില്‍ കോടതി വിധി വന്നപ്പോള്‍ സ്വീകരിച്ച നിലപാട് ഇതായിരുന്നില്ലല്ലോ എന്നാണ് ബി.ജെ.പി നേതൃത്യം ചൂണ്ടിക്കാട്ടുന്നത്.

ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ വിഷയമാണ്. സംഘര്‍ഷം ഇല്ലാതെ നോക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ കടമയുമാണ്. ലക്ഷക്കണക്കിന് വിശ്വാസികളെ അടിച്ചമര്‍ത്തി ഇവിടെ ഒരു ഉത്തരവും നടപ്പാക്കാന്‍ കഴിയില്ലെന്നും ബി.ജെ.പി നേതൃത്വം മുന്നറിയിപ്പ് നല്‍കി.

ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയെങ്കിലും ശക്തമായ നിലപാട് കോടതിയില്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനു കഴിഞ്ഞില്ല. ഇതും വിധി എതിരാവാന്‍ പ്രധാനകാരണമായതായാണ് അവരുടെ വാദം.

കോടതിയെയും ന്യായാധിപന്‍മാരെയും പലവട്ടം എതിര്‍ക്കുകയും അപമാനിക്കുകയും ചെയ്ത കമ്യൂണിസ്റ്റുകളുടെ ഇപ്പോഴത്തെ ‘സ്‌നേഹം’ കപടമാണ്. നാടിനെ നിരീശ്വരവാദത്തിലേക്ക് കൊണ്ടുപോകാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി ആദ്യം ഹിന്ദു മത വിശ്വാസികളെ ബലിയാടാക്കാനാണ് ശ്രമം. അത് അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും സംഘപരിവാര്‍ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

sabarimala

അതേസമയം, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹര്‍ജിയില്‍ തീരുമാനം അനുകൂലമായില്ലെങ്കില്‍ കേരളത്തില്‍ അത് വലിയ പ്രത്യാഘാതത്തിനു തന്നെ കാരണമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.

ഇപ്പോള്‍ തന്നെ നാമജപ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത് ഇടതുപക്ഷത്തിന്റെ അടിത്തറ തന്നെ തകരാന്‍ കാരണമാകുമെന്നും ലോകസഭ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി അവര്‍ക്ക് നേരിടേണ്ടി വരുമെന്നുമാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.

പ്രത്യക്ഷ സമരത്തില്‍ നിന്നും യു.ഡി.എഫ് കൂടി ഉള്‍വലിഞ്ഞതോടെ പൂര്‍ണ്ണമായും ആര്‍.എസ്.എസ്- ബി.ജെ.പി നിയന്ത്രണത്തിലാണ് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്.

ഫെമിനിസ്റ്റ് വാദികളായ യുവതികള്‍ ശബരിമലയിലെത്തിയാല്‍ അവരെ തടയാനുള്ള ഭക്തരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ പ്രതിഷേധം നിയന്ത്രിക്കാന്‍ പൊലീസിന് അസാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാറിനെ തന്നെ പിരിച്ചുവിടണമെന്ന നിലപാടാണ് ബി.ജെ.പി നേതാക്കള്‍ക്കുള്ളത്.

വൈകാരികമായ നിലവിലെ സാഹചര്യം ബി.ജെ.പിക്ക് വലിയ നേട്ടമാണ് സംസ്ഥാനത്തുണ്ടാക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാറിന് അനുകൂലമായി രംഗത്ത് വന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു പോലും മുന്‍ നിലപാട് തിരുത്തേണ്ടി വന്നത് സ്വന്തം സമുദായത്തില്‍ തന്നെ ഒറ്റപ്പെട്ട് പോയത് കൊണ്ടായിരുന്നു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നയിക്കുന്ന പ്രതിഷേധ യാത്രക്ക് വലിയ പിന്തുണയാണ് സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ ബിജെപിയോടും ആര്‍.എസ്.എസിനോടും സഹകരിക്കാത്ത ജനവിഭാഗങ്ങള്‍ വരെ പ്രതിഷേധത്തില്‍ അണി ചേരുന്നതിനെ സി.പി.എമ്മും ഗൗരവമായാണ് കാണുന്നത്. 14ന് ലക്ഷങ്ങള്‍ അണി ചേരുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചോടെ പ്രതിഷേധം കത്തി പടര്‍ത്താനാണ് സംഘപരിവാര്‍ നീക്കം.

sabarimala protest

വനിതാ പൊലീസുകാരെ ശബരിമലയില്‍ നിയോഗിക്കുമെന്ന പ്രചരണമാണ് സംസ്ഥാന സര്‍ക്കാറിനെ ഏറ്റവും അധികം ഇപ്പോള്‍ പ്രതിരോധത്തിലാക്കുന്നത്.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വനിതാ പൊലീസുകാരെ ശബരിമല സന്നിധാനത്ത് നിയോഗിക്കരുതെന്ന അഭിപ്രായം സി.പി.എമ്മിനുള്ളില്‍ തന്നെ ശക്തമായിട്ടുണ്ട്. നാളെ നടക്കുന്ന സി.പി.എം സംസ്ഥാന കമ്മറ്റി യോഗം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.സംസ്ഥാന വ്യാപകമായി വിശദീകരണ യോഗങ്ങള്‍ നടത്തി വിശ്വാസികളെ അനുനയിപ്പിക്കാനാണ് ശ്രമം.

പ്രതിഷേധം കൈവിട്ടാല്‍ വലിയ സംഘര്‍ഷമുണ്ടാകുമെന്നും അത് ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്നും സി.പി.എം നേതൃത്വം ആശങ്കപ്പെടുന്നു.

ഇതിനിടെ, ശബരിമല സ്ത്രീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ രംഗത്തെത്തി. കോടതി ജനവികാരം മനസിലാക്കണമെന്നും ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം തുറന്നടിച്ചു.

സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതിപോലും ചിന്തിച്ചിട്ടുണ്ടാകില്ല. സ്ത്രീ പ്രവേശനമുണ്ടായാല്‍ ദൈവകോപമുണ്ടാകുമെന്ന് വിശ്വാസികള്‍ ചിന്തിക്കുന്നുണ്ട്. കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്നു വിശ്വസിക്കുന്നവരുണ്ടെന്നും കെ.കെ വേണു ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Top