central government bear PF pension for 3 years

ന്യൂഡല്‍ഹി: 2016 ഏപ്രില്‍ ഒന്നിനുശേഷം സര്‍വീസില്‍ പ്രവേശിച്ച സംഘടിതമേഖലയിലെ എല്ലാ തൊഴിലാളികളുടെയും പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള 8.33 ശതമാനം വിഹിതം മൂന്നുകൊല്ലത്തേക്ക് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി തുടങ്ങിയ തൊഴില്‍ പ്രോത്സാഹന പദ്ധതി (പി.എം.ജി.പി.വൈ.) പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.തൊഴിലാളി മൂന്നുകൊല്ലം ഒരേസ്ഥാപനത്തില്‍ ജോലി ചെയ്യണമെന്ന മുന്‍ വ്യവസ്ഥയും നീക്കിയിട്ടുണ്ട്.

സാധാരണഗതിയില്‍ തൊഴിലുടമയുടെ പി.എഫ്. വിഹിതമായ 12 ശതമാനത്തില്‍നിന്ന് 8.33 ശതമാനമാണ് പെന്‍ഷന്‍ഫണ്ടിലേക്ക് മാറ്റുന്നത്. ആ 8.33 ശതമാനം തുക സര്‍ക്കാര്‍ അടയ്ക്കുന്നതാണ് പി.എം.ജി.പി.വൈ.

ശമ്പളത്തിന്റെ 8.33 ശതമാനം കഴിച്ച് ബാക്കിയുള്ള 3.67 ശതമാനം തൊഴിലുടമ തൊഴിലാളിയുടെ പ്രോവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കണം. ടെക്സ്റ്റയില്‍ മേഖലയില്‍ പുതിയ തൊഴിലാളികളുടെ കാര്യത്തില്‍ തൊഴിലുടമ അടയ്‌ക്കേണ്ട വിഹിതം മുഴുവനും സര്‍ക്കാര്‍ വഹിക്കും പ്രതിമാസമുള്ള വിഹിതം പിടിക്കലിന് അടിസ്ഥാനമാക്കുന്ന പരമാവധി ശമ്പളം 15,000 രൂപയായിരിക്കും.

യൂണിഫൈഡ് അക്കൗണ്ട് നമ്പര്‍ ലഭിച്ചിട്ടുള്ള തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ട് വിഹിതമേ ഇത്തരത്തില്‍ സര്‍ക്കാര്‍ നിക്ഷേപിക്കൂ. തൊഴിലുടമ പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് മാസംതോറും ഇ.സി.ആര്‍.(ഇലക്‌ട്രോണിക് ചലാന്‍ കം റിട്ടേണ്‍സ്) ഫയല്‍ ചെയ്യണം. ഇ.സി.ആര്‍. ഫയല്‍ ചെയ്യുന്ന തൊഴിലുടമയുടെ അക്കൗണ്ടില്‍നിന്ന് വിഹിതം നേരിട്ട് തൊഴിലാളിയുടെ പി.എഫ്. അക്കൗണ്ടിലേക്ക് മാറ്റപ്പെടും.

ശമ്പളത്തിന്റെ 12 ശതമാനം തൊഴിലാളിയും 12 ശതമാനം തൊഴിലുടമയുമാണ് സാധാരണ പ്രോവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കേണ്ടത്. തൊഴിലുടമയുടെ നിക്ഷേപത്തിന്റെ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റും. പരിഷ്‌കരിച്ച പദ്ധതി പ്രകാരം അടുത്തമാസം മുതല്‍ വിഹിതമടയ്ക്കാന്‍ ഇ.പി.എഫ്.ഒ.യുടെ സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് കേന്ദ്ര പ്രോവിഡന്റ് കമ്മിഷണര്‍ വി.പി. ജോയ് പറഞ്ഞു.

2016 ഏപ്രിലിനുശേഷം തൊഴിലുടമ സൃഷ്ടിച്ച പുതിയ തസ്തികകളുടെയും നിയമിച്ചവരുടെയും എണ്ണം പരിശോധിച്ചശേഷം ആനുപാതികമായിട്ടാണ് പുതിയ തൊഴിലാളികളുടെ പെന്‍ഷന്‍ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ കഴിഞ്ഞമാസങ്ങളില്‍ വിഹിതം അടച്ചിരുന്നത്. എന്നാല്‍, പുതിയ തസ്തികള്‍ സൃഷ്ടിക്കണം എന്ന വ്യവസ്ഥ ഇപ്പോള്‍ എടുത്തുകളഞ്ഞു. അതിനാല്‍ എല്ലാ മേഖലകളിലും പുതുതായി ചേര്‍ന്ന ജീവനക്കാരുടെ പെന്‍ഷന്‍ വിഹിതം ഇനി സര്‍ക്കാര്‍ അടയ്ക്കും.

Top