‘ഇത് ചരിത്രം’; ഉൾഫയുമായി കേന്ദ്ര‍ സർക്കാറും അസം സർക്കാറും സമാധാന കരാർ ഒപ്പിട്ടു

ന്യൂഡൽഹി : വടക്കുകിഴക്കൻ മേഖലയിൽ സമാധാനത്തിന്റെ തിരിതെളിച്ച് പുതിയ ത്രികക്ഷി കരാർ യാഥാർഥ്യമായി. കേന്ദ്ര സർക്കാർ, അസം സർക്കാർ, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ) എന്നിവരാണ് കരാറിൽ പങ്കാളികളായത്. ഇതോടെ വടക്കു കിഴക്കൻ മേഖലയിൽ പതിറ്റാണ്ടുകളായി അശാന്തി വിതച്ചിരുന്ന വിമത സംഘം സമാധാനത്തിന്റെ വഴിയിലേക്കു ചുവടുമാറ്റി. അതേസമയം, പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫ (സ്വതന്ത്ര) വിഭാഗം ചർച്ചകൾക്ക് എതിരാണ്.

അനധികൃത കുടിയേറ്റം, തദ്ദേശീയ വിഭാഗങ്ങൾക്ക് ഭൂസ്വത്തിലുള്ള അവകാശം, അസമിന്റെ വികസനത്തിനായി പ്രത്യേക പാക്കേജ് തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് കരാർ യാഥാർഥ്യമായത്.

കരാറിന്റെ ഭാഗമായി ഉൾഫ മുന്നോട്ടുവച്ച ന്യായമായ നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സംഘടന എന്ന നിലയിൽ ഉൾഫയെ പിരിച്ചുവിടുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

സമാധാന നീക്കങ്ങളുമായി ബന്ധപ്പെട്ട് ഉൾഫ നേതൃത്വം കേന്ദ്രസർക്കാരിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ മാനിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. വടക്കുകിഴക്കൻ മേഖലയിൽ സമാധാനം ഉറപ്പുവരുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിടുക്കാണെന്നും അദ്ദേഹം പറഞ്ഞു.

ഉൾഫ തീവ്രവാദം പിടിമുറുക്കിയതിനെത്തുടർന്ന് 1990 നവംബർ 27ന് അസമിൽ ഏർപ്പെടുത്തിയ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമം (അഫ്സ്പ) 2019ൽ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശത്തുള്ള അസമിലും സമീപത്തെ ഭൂട്ടാൻ അതിർത്തികളിലുമായി പ്രവർത്തിക്കുന്ന നിരോധിക്കപ്പെട്ട വിഘടനവാദി സംഘടനയാണ് ‘ഉൾഫ’. യുണൈറ്റഡ് ലിബറേറ്റഡ് ഫ്രണ്ട് ഓഫ് അസം എന്നാണ് ‘ഉൾഫ’ യുടെ പൂർണരൂപം. 1979 ഏപ്രിൽ ഏഴിനു പരേഷ് ബറുവ എന്നയാൾ രൂപീകരിച്ച ഈ തീവ്രവാദി സംഘടനയുടെ ലക്ഷ്യം അസമിനെ ഇന്ത്യയിൽനിന്നു മോചിപ്പിച്ച് ഒരു സ്വതന്ത്ര രാജ്യമാക്കുക എന്നതാണ്. എന്നാൽ, നിലവിൽ ഇതേ പരേഷ് ബറുവ നയിക്കുന്ന ഉൾഫ സ്വതന്ത്ര വിഭാഗം മാത്രമാണ് ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നത്.

തങ്ങൾ വിഘടനവാദികളല്ലെന്നാണ് ഉൾഫകളുടെ ന്യായം. ചരിത്രത്തിൽ ഒരു കാലത്തും അസം ഇന്ത്യയുടെ ഭാഗമായിരുന്നിട്ടേയില്ലെന്നാണ് അവർ വാദിക്കുന്നത്. സ്വതന്ത്ര അസമിനെ ഇന്ത്യ തങ്ങളുടെ കീഴിലാക്കുകയായിരുന്നുവത്രേ. ഇന്ത്യയിൽ പ്രവർത്തനം എളുപ്പമല്ലെന്നു കണ്ട് പല ഗറില വിഭാഗങ്ങളും ദക്ഷിണ ഭൂട്ടാനിലെ കാടുകളിലിരുന്ന് ഒളിപ്പോരാട്ടം നടത്തിയിരുന്നു. ഇതിൽ പ്രധാനപ്പെട്ടതാണ് ‘ഉൾഫ’.
ഉൾഫ തീവ്രവാദം പിടിമുറുക്കിയതിനെത്തുടർന്ന് 1990ൽ കേന്ദ്രസർക്കാർ നിരോധനം പ്രഖ്യാപിച്ചു. തുടർന്ന് നവംബർ 27ന് അസമിൽ ഏർപ്പെടുത്തിയ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമം (അഫ്സ്പ) വലിയ വിവാദവിഷയമായിരുന്നു. ഇതിനിടെ ഉൾഫ അംഗങ്ങൾ കീഴടങ്ങുന്ന സംഭവങ്ങൾ ഒരുപാടുണ്ടായി. 8718 ഉൾഫ അംഗങ്ങൾ ഇത്തരത്തിൽ കീഴടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. പതിറ്റാണ്ടുകൾക്കിടെ സംഘടനയ്ക്കും നേതൃത്വത്തിലും വന്ന മാറ്റങ്ങളുടെ തുടർച്ചയാണ് സമാധാന ചർച്ചകളും സമാധാന കരാറും.

Top