കൂട്ടക്കുരുതി; മമത സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ബംഗാളിലെ അരുംകൊലകളില്‍ നിലപാട് കര്‍ക്കശമാക്കി കേന്ദ്ര സര്‍ക്കാര്‍. സംഘര്‍ഷം സംബന്ധമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. നടപടി ആവശ്യപ്പെട്ട് ബംഗാളിലെ ബിജെപി എംപിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ നീക്കം. ഒരിടവേളക്കു ശേഷം പശ്ചിമ ബംഗാളിലെ ബിര്‍ഭുമിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍, എട്ടുപേരാണ് ഇതിനകം കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ ഒരു കുടുംബത്തിലെ 7 പേരും ഉള്‍പ്പെടുന്നുണ്ട്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സംഭവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ ഡിജിപി മനോജ് മാളവ്യ അറിയിച്ചിട്ടുണ്ട്. എട്ടുപേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെന്ന കാര്യവും ഡിജിപി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പത്തുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു പുറത്തുവന്നിരുന്ന വിവരം. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറെയും രാംപൂര്‍ഘട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്റെ കൊലപാതകത്തിന് പിന്നാലെയാണ് വന്‍ സംഘര്‍ഷം പൊട്ടി പുറപ്പെട്ടിരുന്നത്. ബുധനാഴ്ച രാത്രിയാണ് ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടിരുന്നത്.

മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ബാദു ഷെയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതോടെ പ്രകോപിതരായ ഇദ്ദേഹത്തിന്റെ അനുയായികള്‍, പരക്കെ ആക്രമണം അഴിച്ചു വിടുകയാണ് ഉണ്ടായത്.

മമതയുടെ തൃണമുല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറിന് ഈ സംഘര്‍ഷം വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ സംസ്ഥാന തലത്തില്‍ തന്നെ ആ പാര്‍ട്ടിയില്‍ രണ്ട് ചേരിയാണ് രൂപപ്പെട്ടിരിക്കുന്നത്.

മമത ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും തമ്മിലുള്ള തര്‍ക്കവും അഭിപ്രായ വ്യത്യാസവും അതിരൂക്ഷമാണ്.

പാര്‍ട്ടിയില്‍ ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന അഭിഷേക് മുന്നോട്ട് വയ്ക്കുന്ന നയത്തോട് മുതിര്‍ന്ന നേതാക്കളില്‍ നല്ലൊരു വിഭാഗത്തിനും കടുത്ത എതിര്‍പ്പുണ്ട്. അതോടൊപ്പം, കഴിഞ്ഞ യുപി തിരഞ്ഞെടുപ്പില്‍ എസ്.പിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത പോകുമ്പോള്‍, ഗോവയില്‍ കൂടി പ്രചാരണത്തിന് പോകുമോ എന്ന ചോദ്യത്തിന്, മമത നല്‍കിയ മറുപടിയും അതൃപ്തിയുടെ സൂചനയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. ”അത് മറ്റുചിലര്‍ ചെയ്യുന്നുണ്ടെ’ന്നായിരുന്നു” അഭിഷേകിനെ ലക്ഷ്യമിട്ട് മമത തുറന്നടിച്ചിരുന്നത്. ‘ചിലയാളുകള്‍’ എന്നത്‌കൊണ്ട് മമത ഉദ്ദേശിക്കുന്നത് അഭിഷേകിനെയാണെന്നും, ഇരുവരും തമ്മില്‍ ഭിന്നത രൂക്ഷമാണെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നത്.

ഈ ഭിന്നതക്കിടെയാണിപ്പോള്‍ ബംഗാളില്‍ കൂട്ടക്കുരുതി നടന്നിരിക്കുന്നത്. ഇക്കാര്യത്തില്‍, മമതയുടെയും മരുമകന്റെയും നിലപാടിലും ഭിന്നത ഉണ്ടാകുമോ എന്നതാണിപ്പോള്‍ രാഷ്ട്രീയ നിരീക്ഷകരും ഒറ്റുനോക്കുന്നത്. കേന്ദ്ര ഇടപെടലിലൂടെ ബി.ജെ.പി മമതയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുമ്പോള്‍, സി.പി.എമ്മും അരും കൊലയ്ക്ക് എതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

 

Top