ഗവർണ്ണറുടെ കേന്ദ്ര സേനയ്ക്ക്, കേരള പൊലീസിനു മീതെ ‘പറക്കാൻ കഴിയില്ല’ നിയമം അത് അനുവദിക്കുന്നില്ല

വര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ ഇനിയും കരിങ്കൊടി കാണിച്ചാല്‍ സി.ആര്‍.പി.എഫിനെ കൊണ്ട് കൈകാര്യം ചെയ്യുമെന്നും വെടിവയ്ക്കുമെന്നുമാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ വാദത്തിനെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ രാഷ്ട്രീയ നിരീക്ഷകരുടെ കുപ്പായമിട്ട കമ്യൂണിസ്റ്റ് വിരുദ്ധരും രംഗത്തു വന്നിട്ടുണ്ട്. അതായത്, ഇങ്ങനെ ഭയപ്പെടുത്തി കഴിഞ്ഞാല്‍ എസ്.എഫ്.ഐക്കാരെല്ലാം പേടിച്ച് മുലക്ക് ഇരിക്കുമെന്നാണ് ഇവരെല്ലാം കരുതിയിരിക്കുന്നത്.

ഇക്കാര്യം മനസ്സിലാക്കിയതിനാലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തന്നെ നിലപാട് പരസ്യമായി വ്യക്തമാക്കിയിരിക്കുന്നത്. പട്ടാളം വന്നാലും പ്രതിഷേധം അവസാനിക്കില്ലന്നും എസ്എഫ്ഐ പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദ്യാര്‍ഥിനേതാക്കളാണെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ സമരം ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നാണ് എസ്.എഫ്.ഐയും വ്യക്തമാക്കിയിരിക്കുന്നത്. അതായത്, കരിങ്കൊടി പ്രതിഷേധം ഇനിയും തുടരുമെന്നത് വ്യക്തം.

ഇനി കരിങ്കൊടി പ്രതിഷേധം നടത്തിയാല്‍ സി.ആര്‍.പി.എഫിന് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നത് നമുക്കൊന്ന് പരിശോധിക്കാം. ഗവര്‍ണ്ണറുടെ ജീവന് ഭീഷണി ഉണ്ടാകുന്ന ഘട്ടത്തില്‍ മാത്രമാണ് സി.ആര്‍.പി.എഫിന് ഇടപെടാന്‍ കഴിയുന്നത്. എസ്.എഫ്.ഐ ഒരു ഭീകര സംഘടന അല്ലാത്തതിനാല്‍ എന്തായാലും അത്തരം ഒരവസ്ഥ ഉണ്ടാകാന്‍ പോകുന്നില്ല. അവര്‍ റോഡരികില്‍ നിന്നും സമാധാനപരമായി കറുത്തതുണി വീശിയാല്‍ സി.ആര്‍.പി എഫിന് ഒരിക്കലും ഇടപെടാന്‍ കഴിയുകയില്ല.

അഥവാ ഗവര്‍ണ്ണറുടെ വാക്ക് കേട്ട് ഇടപെട്ടാല്‍ അത് വലിയ പ്രത്യാഘാതത്തിലേക്കാണ് പോകുക. അത്തരം സാഹസത്തിന് സുരക്ഷാ കമാന്‍ഡോകള്‍ മുതിര്‍ന്നാല്‍ അങ്ങനെ മുതിരുന്നവര്‍ തന്നെ പ്രതികളാകുന്ന സാഹചര്യമാണ് ഉണ്ടാകുക. പ്രത്യേകിച്ച് എവിടെയും ദൃശ്യങ്ങള്‍ ലഭ്യമാകുന്ന പുതിയ കാലത്ത് ഗവര്‍ണ്ണറുടെ വാഹനത്തിനടുത്ത് എത്താതെ റോഡരികില്‍ പ്രതിഷേധിക്കുന്നവരെ കൈകാര്യം ചെയ്താല്‍ എസ്.എഫ്.ഐയ്ക്കും നിയമനടപടി സ്വീകരിക്കാന്‍ സാധിക്കും.

അപ്പോള്‍ കേസെടുക്കേണ്ടതും തുടര്‍നടപടി സ്വീകരിക്കേണ്ടതും പിണറായിയുടെ പൊലീസ് തന്നെ ആയിരിക്കും. നിയമവിരുദ്ധ പ്രവര്‍ത്തി എസ്.എഫ്.ഐ കാണിച്ചാലും ഗവര്‍ണ്ണറുടെ സുരക്ഷാസേന കാണിച്ചാലും എവിടെയാണോ സംഭവം നടക്കുന്നത് ആ പരിധിയിലെ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുക. അതല്ലാതെ, ഡല്‍ഹിയിലാണ് കേസ് നടക്കുക എന്ന പ്രചരണമൊക്കെ തികച്ചും അടിസ്ഥാനരഹിതമായ പ്രചരണങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടികൂടിയ ചരിത്രവും സംസ്ഥാന പൊലീസിനുണ്ട്.

കൊല്‍ക്കത്ത കമ്മീഷണറെ ചോദ്യം ചെയ്യാന്‍ വന്ന സി.ബി.ഐ സംഘത്തെ കൊല്‍ക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്തത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കില്‍ ഇതേ ബംഗാളില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടന്നത് അടുത്തയിടെയാണ്. രണ്ട് സംഭവങ്ങളിലും മമത ഭരണകൂടത്തിന്റെ നിലപാടിനെ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അത് സംഭവിച്ചു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

തമിഴ്‌നാട്ടിലെ ഇഡി ഓഫീസ് പൊലീസിലെ വിജിലന്‍സ് വിഭാഗം റെയ്ഡ് നടത്തിയതും മാസങ്ങള്‍ക്ക് മുന്‍പാണ്. ഇവിടെയും ഒരു മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധമായ കേസുകളൊക്കെ നടക്കുന്നതും സംസ്ഥാനങ്ങളില്‍ തന്നെയാണ്. കേന്ദ്ര പൊലീസായാലും ഏജന്‍സിയായാലും ക്രൈം നടക്കുന്ന സ്ഥലങ്ങളില്‍ തന്നെയാണ് കേസും രജിസ്റ്റര്‍ ചെയ്യപ്പെടുക. ഈ ബോധ്യം ഗവര്‍ണ്ണര്‍ക്കു വേണ്ടി സോഷ്യല്‍ മീഡിയകളില്‍ വാദിക്കുന്ന സംഘപരിവാറുകാര്‍ക്കും ഉണ്ടാകണം.

മുന്‍പ്, തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഗുരുവായൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപരിവാറുകാരെ ജയലളിതയുടെ കമാന്‍ഡോകള്‍ എടുത്തിട്ട് പെരുമാറിയ ഓര്‍മ്മയാണ് ഗവര്‍ണ്ണറുടെ സി.ആര്‍.പി.എഫ് സുരക്ഷയില്‍ ആഹ്ലാദിക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചതെങ്കില്‍ അവരുടെ ആ ആഗ്രഹം കേരളത്തില്‍ എന്തായാലും നടക്കാന്‍ പോകുന്നില്ല. ബി.ജെ.പിയുടെയോ സംഘപരിവാര്‍ സംഘടനകളുടേയോ കരുത്തല്ല കേരളത്തിലെ ഇടതുപക്ഷത്തിന് ഉള്ളത്. ജയലളിതയുടെ കമാന്‍ഡോകള്‍ പരിവാറുകാരെ പെരുമാറിയപ്പോള്‍ ഉണ്ടായ പ്രതികരണമായിരിക്കില്ല എസ്.എഫ്.ഐക്കാരെ കൈകാര്യം ചെയ്താല്‍ ഉണ്ടാകാന്‍ പോകുന്നത്.

അനാവശ്യമായി എസ്.എഫ്.ഐക്കാരെ ആക്രമിച്ചാല്‍ ഗവര്‍ണ്ണര്‍ക്ക് രാജ്ഭവനില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യം വരെ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ജനകീയശക്തിയെ തടയാനുള്ള കരുത്തൊന്നും മോദി സര്‍ക്കാറിന് ഉണ്ടാകുകയില്ല. സ്വന്തം ജനതയെ വെടിവെച്ചിടാന്‍ ഒരു സേനയും തയ്യാറാവുകയുമില്ല. കേന്ദ്ര സര്‍ക്കാറിന് പരമാവധി ചെയ്യാന്‍ സാധിക്കുന്നത് കേരള സര്‍ക്കാറിനെ പിരിച്ചുവിടുക എന്നതു മാത്രമാണ്. എന്നാല്‍ പിന്നീട് എപ്പോള്‍ തിരഞ്ഞെടുപ്പു നടന്നാലും കൂടുതല്‍ ശക്തിയോടെ ഇടതുപക്ഷം തന്നെയാണ് അധികാരത്തില്‍ വരിക എന്നതും ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

ഇടതുപക്ഷമായിട്ട് എന്തായാലും സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ഒരവസരം സൃഷ്ടിക്കുകയില്ല. അതു കൊണ്ടാണ് തീഷ്ണമായ സമരം നടത്തിയ ചരിത്രമുള്ള എസ്.എഫ്.ഐ പോലും ഗവര്‍ണ്ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനു മാത്രം ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍വ്വകലാശാലകളില്‍ സംഘപരിവാറുകാരെ തിരുകി കയറ്റിയ ചാന്‍സലറെ വഴിതടയാന്‍ ആവര്‍ തീരുമാനിക്കാതിരുന്നതും അതു കൊണ്ടാണ്.

ഗവര്‍ണ്ണര്‍ റോഡരികില്‍ കുത്തിയിരുന്ന നിലമേലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡരികില്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്ത് വന്നിരിക്കുന്നത്. ഗവര്‍ണ്ണറുടെ വാഹനത്തില്‍ സ്പര്‍ശിക്കുകയോ അതിനടുത്തു പോകുന്ന സാഹചര്യമോ ഉണ്ടായിട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ആദ്യം അതായിരുന്നു റിപ്പോര്‍ട്ട് ചെയ്യുമായിരുന്നത്. മാധ്യമങ്ങളുടെ ക്യാമറകള്‍ കണ്ടെത്താത്ത കാര്യമാണ് ഗവര്‍ണ്ണറും ബി.ജെ.പി നേതാക്കളും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതെന്തായാലും പറയാതെ വയ്യ…

ഗവര്‍ണ്ണര്‍ റോഡരികില്‍ കസേരയിട്ട് ഇരുന്നു നടത്തിയ ഷോയും ഡല്‍ഹിയിലേക്കുള്ള കോളുകളുമെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ ‘തിരക്കഥയാണോ’ എന്ന സംശയമാണ് കേരള സര്‍ക്കാറിലെ ഉന്നതര്‍ക്കുമുള്ളത്. ഞായറാഴ്ച ആയിട്ടും ഗവര്‍ണ്ണറുടെ കോള്‍ ചെന്ന് മണിക്കൂറുകള്‍ക്കകമാണ് സി.ആര്‍.പി.എഫ് സംഘം രാജ്ഭവനില്‍ എത്തി സുരക്ഷാചുമതല ഏറ്റെടുത്തിരുന്നത്. ഇതാകട്ടെ അസാധാരണ നീക്കവുമാണ്. കേന്ദ്രഇടപെടലിന്റെ തുടക്കമായാണ് ഈ സംഭവത്തെ ഇടതുപക്ഷവും നോക്കി കാണുന്നത്.

സി. ആര്‍.പി.എഫ് അല്ല എസ്.പി. ജി തന്നെ വന്നാലും കേരള പൊലീസ് തന്നെയാണ് കേരളത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുക. എസ്. പി.ജി സുരക്ഷയുള്ള പ്രധാനമന്ത്രിയും രാഷ്ട്രപതിയും കേരളത്തില്‍ എത്തുമ്പോള്‍ കേരള പൊലീസുമായി കൂടിയാലോചിച്ചാണ് സുരക്ഷ ഒരുക്കാറുള്ളത്. ഗവര്‍ണ്ണറുടെ സുരക്ഷക്ക് നിയോഗിക്കപ്പെട്ട സി.ആര്‍.പി.എഫുകാര്‍ക്കും കേരള പൊലീസിന്റെ നിര്‍ദ്ദേശങ്ങളെ അവഗണിക്കാന്‍ കഴിയുകയില്ല. അവഗണിച്ചാല്‍ അതിന് അവര്‍ക്കു തന്നെയാണ് തിരിച്ചടിയുണ്ടാകുക.

ഏതെങ്കിലും പ്രദേശത്ത് ക്രമസമാധന പ്രശ്‌നമുണ്ടെങ്കില്‍ അവിടെ പോകരുത് എന്ന് കേരള പൊലീസ് ആവശ്യപ്പെട്ടാല്‍ അത് മറികടന്ന് മുന്നോട്ട് പോകാന്‍ സി.ആര്‍.പി.എഫിനും കഴിയുകയില്ല. അഥവാ ആ നിര്‍ദ്ദേശം ധിക്കരിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും ധിക്കരിക്കുന്നവര്‍ക്കു തന്നെയാകും. ഗവര്‍ണ്ണറിലൂടെ കേരള സര്‍ക്കാറിന് നിരന്തരം തലവേദനയുണ്ടാക്കാന്നാണ് കേന്ദ്രമിപ്പോള്‍ ശ്രമിക്കുന്നത്. ആത്യന്തികമായി ഗവര്‍ണ്ണര്‍ ഭരണമാണോ ആഗ്രഹിക്കുന്നതെന്നതിന് ബി.ജെ.പി നേതൃത്വമാണ് മറുപടി പറയേണ്ടത്.

കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നെന്ന് ചൂണ്ടിക്കാട്ടി ഒരിക്കലും കേരള സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യാന്‍ ഗവര്‍ണ്ണര്‍ക്കു കഴിയുകയില്ല. കമാന്‍ഡോ സംഘത്തിന്റെ സംരക്ഷണമില്ലാതെ തിരക്കേറിയ കേരളത്തിന്റെ തെരുവുകളില്‍ ഗവര്‍ണ്ണര്‍ക്ക് നടക്കാന്‍ സാധിച്ചത് ഇവിടുത്തെ ക്രമസമാധാന പാലനത്തിന്റെ മികവ് കൊണ്ടാണ്. അതുകൊണ്ട് ഈ വാദം കോടതിയുടെ വരാന്തയില്‍ പോലും നിലനില്‍ക്കുകയില്ല.

ഇതുപോലെ രാജ്യത്തെ മറ്റേത് സംസ്ഥാനത്ത് നിര്‍ഭയമായി ഇറങ്ങി നടക്കാന്‍ കഴിയുമെന്നത് ആരിഫ് മുഹമ്മദ് ഖാന്‍ ചിന്തിക്കുന്നതും നല്ലതായിരിക്കും. മുന്‍കൂട്ടി പ്രഖ്യാപിച്ച് തീരുമാനിച്ച ഇടങ്ങളില്‍ മാത്രം കരിങ്കൊടി പ്രതിഷേധം നടത്തുന്ന സംഘടനയാണ് എസ്.എഫ്.ഐ. അതുകൊണ്ടാണ് ഗവര്‍ണ്ണര്‍ നിര്‍ഭയമായി സഞ്ചരിച്ച കോഴിക്കോട് മിഠായിത്തെരുവില്‍ പോലും ഒരു പ്രതിഷേധവും എസ്.എഫ്.ഐ നടത്താതിരുന്നത്.

ഇപ്പോള്‍ സി. ആര്‍.പി.എഫ് സംരക്ഷണം കൂടി വന്നതോടെ കൂടുതല്‍ ‘ആഢംബരത്തോടെ’ റോഡുകളില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നത് ആരിഫ് മുഹമ്മദ് ഖാനെ സംബന്ധിച്ച് വ്യക്തിപരമായ നേട്ടം തന്നെയാണ്. അതും ഈ ഘട്ടത്തില്‍ പറയാതെ വയ്യ. ഗവര്‍ണ്ണറുടെ കാലാവധി കഴിയാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെ കൊണ്ട് തനിക്ക് അനുകൂലമായ തീരുമാനമെടുപ്പിക്കാനും ഇപ്പോഴത്തെ വിവാദങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന് തുണയായേക്കും. അതിനും അപ്പുറം ഒരു അജണ്ട ഗവര്‍ണ്ണര്‍ക്കും കേന്ദ്ര സര്‍ക്കാറിനും ഉണ്ടെങ്കില്‍ അവിടെയാണ് അവരുടെ കണക്കു കൂട്ടലുകളും തെറ്റാന്‍ പോകുന്നത്…

EXPRESS KERALA VIEW

Top