എന്‍സിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര നിര്‍ദേശം

മുംബൈ: പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരളത്തിലെ എന്‍സിപി നേതാക്കളുമായി അഖിലേന്ത്യ അധ്യക്ഷന്‍ ശരദ് പവാര്‍ ചര്‍ച്ച നടത്തും. ഫെബ്രുവരി ഒന്നിന് ഡല്‍ഹിയിലായിരിക്കും ചര്‍ച്ച. ടി.പി പീതാംബരന്‍, മന്ത്രി എ.കെ ശശീന്ദ്രന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് മാണി.സി.കാപ്പന്‍ എംഎല്‍എ അറിയിച്ചു. മുംബൈയില്‍ പവാറുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ എന്‍സിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ശരത് പവാര്‍ നിര്‍ദേശിച്ചതായും മാണി.സി.കാപ്പന്‍ പറഞ്ഞു. സീറ്റുകളെപ്പറ്റി ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്. കൂടുതല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍സിപി നേതൃയോഗം ഫെബ്രുവരി ഒന്നിന് ഡല്‍ഹിയില്‍ ചേരുമെന്നും കാപ്പന്‍ അറിയിച്ചു.

പാലാ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പവാര്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിയുമായും സിപിഐ നേതാവ് ഡി.കെ രാജയുമായും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച നേതൃയോഗത്തിന് മുന്‍പുണ്ടാകുമെന്നും മാണി.സി.കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

 

Top