പഠാന്‍ സിനിമയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്

മുംബൈ: ഷാറൂഖ് ഖാന്‍ നായകനായ പത്താന്‍ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മാതാക്കളോടു നിര്‍ദേശിച്ചതായി സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി. ഗാനങ്ങളില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി സെന്‍സറിങ്ങിനു നല്‍കാന്‍ യഷ് രാജ് ഫിലിംസിനോട് ആവശ്യപ്പെട്ടതായി പ്രസൂണ്‍ ജോഷി പറഞ്ഞു.

സംസ്‌കാരവും ആവിഷ്‌കാര സ്വാതന്ത്ര്യവും തമ്മില്‍ സംതുലനം ആവശ്യമാണെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. ഏതൊക്കെ ഭാഗങ്ങളിലാണ് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രസൂണ്‍ ജോഷി വ്യക്തമാക്കിയില്ല.

‘പത്താന്‍’ സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്ന പരാതിയില്‍ നേരത്തെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ചിത്രത്തിലെ ‘ബേഷ രംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ നടി ദീപിക പദുകോണിന്റെ കാവി വസ്ത്രധാരണത്തിനെതിരെയാണ് മുംബൈ സ്വദേശിയായ സഞ്ജയ് തിവാരി സാകിനാക പൊലീസില്‍ പരാതി നല്‍കിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, നടന്‍, നടി എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.

‘ബേഷരം രംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ നടി ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങള്‍.
ഡിസംബര്‍ 12നാണ് പത്താന്‍ ചിത്രത്തിലെ ഗാനം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് വസ്ത്രധാരണം ചൂണ്ടിക്കാട്ടി വിവാദങ്ങള്‍ ആരംഭിച്ചത്.

മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് പത്താനിലെ ഗാനരംഗത്തിനെതിരെ ആദ്യം രംഗത്ത് എത്തിയത്. ഗാനത്തിലെ രംഗങ്ങളില്‍ താരം ധരിച്ചിരിക്കുന്ന വേഷം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മലിനമായ മാനസികാവസ്ഥയിലാണ് ഇത്തരമൊരു ഗാനം ചിത്രീകരിച്ചിരിക്കുന്നതെന്നുമായിരുന്നു നരോത്തം മിശ്ര പറഞ്ഞത്.

Top