കേന്ദ്ര ബജറ്റ്; സാമ്പത്തിക സർവേ റിപ്പോർട്ട് നാളെ

ദില്ലി: 2023-24 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും. അതിനു മുൻപ് ജനുവരി 31 ന് സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിക്കും. എന്താണ് സാമ്പത്തിക സർവേ റിപ്പോർട്ട്? ബജറ്റിന് ഒരു ദിവസം പാർലമെന്റിൽ ബജറ്റ് സമ്മേളനം ആരംഭിക്കും. അതായത് നാളെ രാവിലെ 11 മണിക്ക് ബജറ്റ് സമ്മേളനം തുടങ്ങും. സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ശേഷം, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2023 സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പ്രവചനങ്ങളുമായി പ്രീ-ബജറ്റ് സാമ്പത്തിക സർവേ അവതരിപ്പിക്കും. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ അന്നേദിവസം വാർത്താസമ്മേളനത്തിൽ ഇത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.

കഴിഞ്ഞ വർഷത്തെ സാമ്പത്തിക വിഷയങ്ങൾ സാമ്പത്തിക സർവേ അവലോകനം ചെയ്യുന്നു. കൂടാതെ കാർഷിക, വ്യാവസായിക ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ, പണപ്പെരുപ്പ നിരക്ക്, വ്യാപാരം, വിദേശനാണ്യ കരുതൽ ശേഖരം, മറ്റ് സാമ്പത്തിക മേഖലകൾ എന്നിവയിലെ പ്രവണതകൾ സർവേ വിശകലനം ചെയ്യുന്നു. ഈ വിശദമായ സർവേ, കേന്ദ്ര ബജറ്റിൽ കൂടുതൽ കാര്യക്ഷമമായി തീരുമാനങ്ങൾ എടുക്കാൻ ഗവൺമെന്റിനെ സഹായിക്കുന്നു. രാജ്യത്തിന്റെ ജിഡിപി വളർച്ചയുടെ പ്രധാന വെല്ലുവിളികൾ തിരിച്ചറിയാനും സാമ്പത്തിക സർവേ സഹായിക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സാമ്പത്തിക സർവേ ‘പാർട്ട് എ’, ‘പാർട്ട് ബി’ എന്നീ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്, അതിൽ രാജ്യത്തിന്റെ ജിഡിപി വളർച്ചാ വീക്ഷണം, പണപ്പെരുപ്പ നിരക്ക്, പ്രവചനങ്ങൾ, ഫോറെക്സ് കരുതൽ ശേഖരം, വ്യാപാര കമ്മി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്നു. അതേസമയം, പാർട്ട് ബി സാമൂഹിക സുരക്ഷ, ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മനുഷ്യവികസനം തുടങ്ങിയ പ്രത്യേക വിഷയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു. സർക്കാർ നടത്തുന്ന പ്രധാന പദ്ധതികളും പ്രധാന നയങ്ങളും അവയുടെ ഫലങ്ങളും സർവേ വിശദമാക്കുന്നു.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാർഗനിർദേശപ്രകാരം സാമ്പത്തിക കാര്യ വകുപ്പിന്റെ (ഡിഇഎ) സാമ്പത്തിക വിഭാഗമാണ് സർവേ തയ്യാറാക്കിയത്. 1950-51 ലാണ് ധനമന്ത്രാലയം ആദ്യമായി സാമ്പത്തിക സർവേ അവതരിപ്പിച്ചത്. എന്നാൽ അന്ന് ഇത് കേന്ദ്രബജറ്റിനൊപ്പം അവതരിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം സാമ്പത്തിക സർവേ അവതരിപ്പിച്ചത് അന്നത്തെ പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസറായിരുന്ന സഞ്ജീവ് സന്യാൽ ആയിരുന്നു. എല്ലാ വർഷവും സാമ്പത്തിക സർവേയ്ക്ക് ഒരു കേന്ദ്ര പ്രമേയമുണ്ട്. 2021-22 സാമ്പത്തിക സർവേയുടെ പ്രമേയം ‘ഇന്ത്യയ്ക്കായുള്ള സമഗ്രവും സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ വളർച്ചാ പാത’ എന്നതായിരുന്നു.

സാമ്പത്തിക സർവേയുടെ തത്സമയ സ്ട്രീം സർക്കാരിന്റെ ഔദ്യോഗിക ചാനലുകളിൽ കാണാം. കൂടാതെ, സൻസദ് ടിവി, പിഐബി ഇന്ത്യയും റിലീസ് ലൈവ് സ്ട്രീം ചെയ്യും. ലോക്‌സഭാ ടിവിയും രാജ്യസഭാ ടിവിയും സംയോജിപ്പിച്ച് 2021ലാണ് സൻസദ് ടെലിവിഷൻ (സൻസദ് ടിവി) രൂപീകരിച്ചത്.

Top