ഹിമാചലിലെ മഴക്കെടുതികള്‍ നേരിടാന്‍ കേന്ദ്ര സഹായം വേണം; മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു

ഷിംല: മഴക്കെടുതിയില്‍ ഉണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ച് ഹിമാചല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടക്കാലാശ്വാസമായി 2000 കോടി അനുവദിക്കണമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്ഥിതിഗതികളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി സംസാരിച്ചു. സംസ്ഥാനത്തിന് 4,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും, 2000 കോടി രൂപ ഇടക്കാലാശ്വാസം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചുണ്ട് എന്നും സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു. ദുരിതബാധിതരായ ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ച സുഖു ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ ദുരിതാശ്വാസ ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്നും ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പിന് 610 കോടി രൂപയും ജലശക്തി വകുപ്പിന് 218 കോടി രൂപയും സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 180 കോടി രൂപയും ഉള്‍പ്പെടെ 1,100 കോടി രൂപയാണ് കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. അതേസമയം സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കേന്ദ്രത്തില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ കെട്ടിക്കിടക്കുന്ന 315 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ചട്ടം അനുസരിച്ച് നിലവില്‍ ഓരോ ദുരന്തബാധിതര്‍ക്കും 5000 രൂപ വീതം സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതത്തിലായ ജനങ്ങളെ സഹായിക്കാന്‍ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുണ്ടെന്നും തന്റെ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം ദുരിതബാധിതരെ സഹായിക്കാന്‍ സംഭാവന ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുഖു പറഞ്ഞു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസ്, ഹിമാചല്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസ് ഓഫീസര്‍മാരും മറ്റുള്ളവരും ഒരു ദിവസത്തെ ശമ്പളം ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top