കര്‍ഷകരുമായുള്ള ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും അനുകൂലിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്താനിരിക്കെയാണ് തോമറിന്റെ പരാമര്‍ശം. ഡല്‍ഹി അതിര്‍ത്തിയില്‍ കാര്‍ഷിക പ്രതിഷേധം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ചിരുന്നു.

ഭൂരിഭാഗം കര്‍ഷകരും വിദഗ്ധരും കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ നടപ്പാക്കാനാവില്ല. ജനുവരി 19ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ നിയമത്തിലെ വകുപ്പുകള്‍ ഓരോന്നായി എടുത്ത് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ശേഷം നിയമങ്ങള്‍ പിന്‍വലിക്കുക എന്നതൊഴികെയുള്ള അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്- തോമര്‍ പറഞ്ഞു.

മണ്ഡികള്‍, വ്യാപാരികളുടെ രജിസ്ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന നിര്‍ദേശം കര്‍ഷക സംഘടനകള്‍ക്ക് അയച്ചിട്ടുണ്ടെന്നും തോമര്‍ വ്യക്തമാക്കി. കാര്‍ഷികാവശിഷ്ടം കത്തിക്കലുമായും വൈദ്യുതിയുമായും ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് മാത്രമാണ് കര്‍ഷകസംഘടനകളുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.

Top