കേന്ദ്ര ഏജൻസി തന്നെ ‘തെറ്റുതിരുത്തി’ ഇളിഭ്യരായി മാധ്യമങ്ങളും പ്രതിപക്ഷവും !

സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് സ്വര്‍ണ്ണക്കടത്ത് കേസ്. ആ കേസിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ കുറ്റപത്രം സംസ്ഥാനത്തെ മാധ്യമ മേലാളന്‍മാര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും വേണ്ടികൂടി ഇവിടെ സമര്‍പ്പിക്കുകയാണ്. നിങ്ങള്‍ ആഘോഷിച്ച ആരോപണങ്ങള്‍ക്കുള്ള ഒന്നാംന്തരം മറുപടി കൂടിയാണ് ഈ കുറ്റപത്രം. ഏതെങ്കിലും മന്ത്രിമാര്‍ക്കോ സ്പീക്കര്‍ക്കോ ഉന്നത രാഷ്ട്രിയ നേതാക്കള്‍ക്കോ സ്വര്‍ണ്ണക്കടത്തില്‍ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്ന് വ്യക്തമാക്കിയിരിക്കുന്നത് കസ്റ്റംസ് ആണ്. അതല്ലാതെ പിണറായിയുടെ പൊലീസല്ല.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴും ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്താനും കസ്റ്റംസിനു കഴിഞ്ഞിട്ടില്ല. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരമറിഞ്ഞിട്ടും അത് മറച്ചു വച്ചതാണ് ശിവശങ്കറില്‍ കസ്റ്റംസ് കണ്ടെത്തിയിരിക്കുന്ന പ്രധാനകുറ്റം. സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ ഉള്ളവരുമായുള്ള ഇടപെടലില്‍ ശിവശങ്കറിന് പറ്റിയ വീഴ്ച മനസ്സിലാക്കി തന്നെയാണ് അദ്ദേഹത്തിനെതിരെ സംസ്ഥാനസര്‍ക്കാറും നടപടി സ്വീകരിച്ചിരുന്നത്. ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തതും തള്ളിപ്പറഞ്ഞതും ആ ഘട്ടത്തിലാണ്. ശിവശങ്കര്‍ വ്യക്തിപരമായി സ്ഥാപിച്ച സൗഹൃദത്തെ അവസരം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പോലും ഉപയോഗിക്കാനാണ് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിച്ചിരുന്നത്. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ വസതിയില്‍ പലതവണ പോയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യയുമായി വരെ ബന്ധമുണ്ടെന്നുമുള്ള നിറം പിടിപ്പിച്ച കഥകളാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്.

സ്പീക്കര്‍ക്കൊപ്പവും മുഖ്യമന്ത്രിക്കൊപ്പവുമുള്ള ചില ചടങ്ങുകളിലെ ഫോട്ടോകളും വ്യാപകമായാണ് അന്ന് ദുരുപയോഗം ചെയ്യപ്പെട്ടിരുന്നത്. യു. എ.ഇ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥ എന്ന നിലയിലുള്ള പരിചയം എന്നതിനപ്പുറം ഒരു പരിചയവും ഈ സ്ത്രീയുമായി മുഖ്യമന്ത്രിക്കോ സ്പീക്കര്‍ക്കോ ഉണ്ടായിരുന്നില്ല. അതു തന്നെയാണ് യാഥാര്‍ത്ഥ്യവും. യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായി സ്വപ്‌നയെ നിയമിച്ചതാകട്ടെ യു.എ.ഇ ഭരണകൂടമാണ്. അതല്ലാതെ കേരള സര്‍ക്കാറായിരുന്നുമില്ല. ഈ പദവി ഇവിടെ ദുരുപയോഗം ചെയ്തത് സ്വപ്‌ന സുരേഷാണ്. ആ കുഴിയിലാണ് ശിവശങ്കറും വീണിരുന്നത്. അതിന് അദ്ദേഹം ഇതിനകം തന്നെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കി ഇനി എല്ലാം കോടതി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അക്കാര്യത്തിലും ഒരു തര്‍ക്കവുമില്ല.

ഒരു വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിന് പോയ ദൃശ്യം ചൂണ്ടിക്കാട്ടിയാണ് അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ സമാനതകളില്ലാത്ത ആക്രമണങ്ങള്‍ മാധ്യമങ്ങളും പ്രതിപക്ഷവും അഴിച്ചു വിട്ടിരുന്നത്. നിയമസഭയില്‍ സ്പീക്കര്‍ക്കെതിതിരെ അവിശ്വാസ പ്രമേയംവരെ കൊണ്ടു വരികയും ചെയ്തു. ഡോളര്‍ കടത്തുള്‍പ്പടെ നിറം പിടിപ്പിച്ച പല കഥകളും തുടര്‍ന്ന് അരങ്ങേറി. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ശ്രീരാമകൃഷ്ണന് വഴിവിട്ട ബന്ധമുണ്ടെന്ന് ആദ്യം ആരോപിച്ചിരുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ്. ‘ആ’ സുരേന്ദ്രന്റെ പാര്‍ട്ടി ഭരിക്കുന്ന സംവിധാനത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സി തന്നെയാണ് ഇപ്പോള്‍ ശ്രീരാമകഷ്ണന് വഴിവിട്ട ഒരു ബന്ധവും ഇല്ലന്നും കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിന് ‘താന്‍ വിളിച്ചിട്ടാണ് ശ്രീരാമകൃഷ്ണന്‍ വന്നതെന്നും മറ്റൊരു ബന്ധവും അദ്ദേഹവുമായി ഇല്ലന്നും ‘ സ്വപ്‌ന സുരേഷിന്റെ സുഹൃത്ത് കൂടിയായ സന്ദീപ് നായരും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

യു.എ. ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന നിലയില്‍ സ്വപ്‌നയും വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിനായി സ്പീക്കറെ ക്ഷണിച്ചിരുന്നു. ഇവരുടെ ക്ഷണം സ്വീകരിച്ച് വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിന് പോയതിലാണ് സ്പീക്കര്‍ക്ക് പിഴവ് പറ്റിയത് ഇക്കാര്യം ശ്രീരാമകൃഷ്ണന്‍ തന്നെ പിന്നീട് തുറന്നു പറഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ ഒരു ആനുകൂല്യവും കൊടുക്കാതെ അദ്ദേഹത്തെ നിരന്തരം വേട്ടയാടുകയാണ് മാധ്യമങ്ങളും പ്രതിപക്ഷവും ചെയ്തിരുന്നത്. കസ്റ്റംസ് സമര്‍പ്പിച്ച ഈ കുറ്റപത്രത്തോടെ കടന്നാക്രമിച്ചവരെല്ലാം തന്നെ ഇപ്പോള്‍ ശരിക്കും ഇളഭ്യരായിരിക്കുകയാണ്. അന്വേഷണം തുടങ്ങി ഒരു വര്‍ഷവും 5 മാസവും കഴി സമര്‍പ്പിച്ച കുറ്റപത്രത്തിന് മൂവായിരം പേജാണുള്ളത്. സരിത്താണ് കേസില്‍ ഒന്നാം പ്രതി. എം.ശിവശങ്കര്‍കേസില്‍ 29ാം പ്രതിയാണ്.

സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടുവെന്ന എന്‍ഐഎയുടെ കണ്ടെത്തലും കസ്റ്റംസ് തിരുത്തിയിട്ടുണ്ട്. എന്‍.ഐ.എയുടെ നിഗമനത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും തന്നെ കണ്ടെത്താന്‍ കസ്റ്റംസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.ടി.റമീസായിരുന്നു സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍. 21 തവണ നയതന്ത്രചാനല്‍ വഴി റമീസ് സ്വര്‍ണ്ണം കടത്തിയിട്ടുണ്ട്. ആകെ 169 കിലോ സ്വര്‍ണമാണ് ഇങ്ങനെ കടത്തി കൊണ്ടു വന്നിരിക്കുന്നത്. കോഴിക്കോട്ടും മലപ്പുറത്തും ഉള്ള പ്രതികളാണ് സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളും കസ്റ്റംസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കടത്തി കൊണ്ടു വന്ന സ്വര്‍ണം റമീസാണ് നിക്ഷേപകര്‍ക്ക് കൈമാറിയിരുന്നത്. അവര്‍ മംഗലാപുരം മുതല്‍ ഹൈദരാബാദ് വരെ വിവിധയിടങ്ങളിലെ ജ്വല്ലറികളില്‍ വില്‍പന നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. സ്വര്‍ണം ഉരുപ്പടിയാക്കി വിറ്റു പോയതിനാല്‍ വീണ്ടെടുക്കാനായില്ലെന്നും എന്നാല്‍ സ്വര്‍ണം പോയ വഴിയും അതിലെ ഇടപാടുകാരേയും കൃത്യമായി തിരിച്ചറിഞ്ഞതായും കുറ്റപത്രത്തില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വര്‍ണക്കടത്തിന്റെ മറ്റൊരു ഇടനിലക്കാരനായ ഫൈസല്‍ ഫരീദടക്കം വിദേശത്തുള്ളവരെ പ്രതികളാക്കുന്നതില്‍ പിന്നീട് തിരുമാനമെടുക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത അറ്റാഷെയും കോണ്‍സുല്‍ ജനലറും നിലവില്‍ പ്രതികളുമല്ല. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് കാത്തു നില്‍ക്കുകയാണെന്നാണ് കസ്റ്റംസിന്റെ വാദം. സ്വര്‍ണക്കടത്തിന് ഒത്താശയും സഹായവും ചെയ്തു കൊടുത്ത സ്വപ്‌ന സുരേഷും പി ആര്‍ സരിത്തും സന്ദീപ് നായരും അതില്‍ നിന്നുള്ള ലാഭം കൈപ്പറ്റിയെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കുറ്റപത്രത്തെ കുറിച്ച് ഇനി ആദ്യം നിലപാട് വ്യക്തമാക്കേണ്ടത് ബി.ജെ.പിയാണ്. നരേന്ദ്ര മോദി സര്‍ക്കാറിനു കീഴിലെ ഏജന്‍സിയുടെ ഈ കണ്ടെത്തല്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയെയും സ്പീക്കറെയും ഉള്‍പ്പെടെ വേട്ടയാടിയതിന് മാപ്പു പറയാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാകണം.

നിയമസഭയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച യു.ഡി.എഫ് നേതാക്കളും കസ്റ്റംസിന്റെ കുറ്റപത്രത്തിലുള്ള നിലപാട് വ്യക്തമാക്കണം. കള്ള വാര്‍ത്തകള്‍ പടച്ച് വിട്ട് പ്രതിപക്ഷത്തിന് ആയുധം നല്‍കിയ മാധ്യമങ്ങളും തെറ്റ് തിരുത്താന്‍ ഉടന്‍ തയ്യാറാകണം. റേറ്റിങ്ങിന് വേണ്ടി എന്തും പടച്ചുവിടുന്നതല്ല മാധ്യമ പ്രവര്‍ത്തനം. അത്തരം രീതികളെ ക്രിമിനല്‍ പ്രവര്‍ത്തനമായാണ് വിലയിരുത്താന്‍ കഴിയുക. ഇടതുപക്ഷത്തിന് തുടര്‍ ഭരണം ഇല്ലാതാക്കാനാണ് പ്രതിപക്ഷത്തിനൊപ്പം കൂടി ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിച്ചിരിക്കുന്നത്. അതിനു വേണ്ടിയാണ് സ്വര്‍ണ്ണക്കടത്ത് കേസിനെ ഉപയോഗിച്ചിരുന്നത്. ഈ കള്ള പ്രചാരവേലകള്‍ പക്ഷേ ജനങ്ങള്‍ മുന്‍പേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതു കൊണ്ടാണ് അവര്‍ കുറ്റപത്രം നല്‍കുന്നതിനു മുന്‍പ് തന്നെ തുടര്‍ഭരണവും. ഇടതുപക്ഷത്തിന് നല്‍കിയിരിക്കുന്നത്.

EXPRESS KERALA VIEW

Top