തമിഴ്നാട്, കർണാടക, ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിൽ ഒരേദിവസം കേന്ദ്ര ഏജൻസികളുടെ റെയ്ഡ്

ന്യൂഡൽഹി : പ്രതിപക്ഷം ഭരിക്കുന്ന തമിഴ്നാട്, കർണാടക, ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒരേദിവസം കേന്ദ്ര ഏജൻസികൾ റെയ്ഡ് ന‌ടത്തി. അതതു സംസ്ഥാനങ്ങളിലെ ഭരണകക്ഷി നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി), ആദായനികുതി വകുപ്പും പരിശോധന നടത്തിയത്.

പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നു പ്രതിപക്ഷം ആരോപിച്ചു. നിയമം അതിന്റെ വഴിക്കുപോകുമെന്ന നിലപാടുമായി കേന്ദ്രവും രംഗത്തിറങ്ങിയതോടെ ഭരണ, പ്രതിപക്ഷ പോര് മൂർച്ഛിച്ചു. ‘ന്യൂസ്ക്ലിക്’ പോർട്ടലിന്റെ എഡിറ്ററടക്കം 2 പേരെയും ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിനെയും കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു.

തമിഴ്നാട്: വിദേശത്ത് അനധികൃത നിക്ഷേപം നടത്തി നികുതി വെട്ടിച്ചെന്ന കേസിൽ മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ എസ്.ജഗത്‌രക്ഷകന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. ജഗത്‌രക്ഷകന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബ്രൂവറി, റിസോർട്ടുകൾ എന്നിങ്ങനെ എഴുപതിലേറെ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. താംബരം ഡപ്യൂട്ടി മേയറും ഡിഎംകെ നേതാവുമായ കാമരാജിന്റെ വീട്ടിലും പരിശോധന നടത്തി.

കർണാടക: ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ അനുയായിയും കോൺഗ്രസ് നേതാവുമായ ആർ.എം.മഞ്ജുനാഥ് ഗൗഡയുടെ വീട്ടിലും ഫാം ഹൗസിലും ഇ.ഡി റെയ്ഡ്. മഞ്ജുനാഥ് ചെയർമാനായ ശിവമൊഗ്ഗ ജില്ലാ സഹകരണ സെൻട്രൽ ബാങ്കിൽ 2012–14 കാലത്ത് 32 അക്കൗണ്ടുകൾ വഴി നടത്തിയ തട്ടിപ്പിൽ 68 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. 9 വർഷം മുൻപും ഇതേ കേസിൽ മഞ്ജുനാഥ് അറസ്റ്റിലായിരുന്നു.

ബംഗാൾ: തൃണമൂൽ നേതാവും ഭക്ഷ്യ, പൊതുവിതരണ മന്ത്രിയുമായ രഥിൻ ഘോഷിന്റെ വീടും ഓഫിസുമടക്കം 13 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്. രഥിൻ മുൻപ് ചെയർമാനായിരിക്കെ മധ്യാംഗ്രം മുനിസിപ്പാലിറ്റിയിൽ അനധികൃത നിയമനങ്ങൾ നടന്നതായി ആരോപണമുണ്ട്.

തെലങ്കാന: ബിആർഎസ് എംഎൽഎ മാഗന്തി ഗോപിനാഥിന്റെയും ബന്ധുക്കളായ ബിസിനസുകാരുടേതും ഉൾപ്പെടെ ഹൈദരാബാദിൽ നൂറിലേറെ സ്ഥലങ്ങളിൽ ആദായനികുതി റെയ്ഡ്. നികുതിവെട്ടിപ്പ് ആരോപണം നേരിടുന്ന ചിട്ടി, ധനകാര്യ സ്ഥാപനങ്ങളെയാണു പ്രധാനമായും ലക്ഷ്യമിട്ടത്.

കഴിഞ്ഞദിവസം അറസ്റ്റിലായ ന്യൂസ്ക്ലിക് പോർട്ടൽ എഡിറ്റർ എൻ ചീഫ് പ്രബീർ പുർകയസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അമിത് ചക്രബർത്തി എന്നിവർക്ക് എഫ്ഐആറിന്റെ പകർപ്പു നൽകാൻ ഡൽഹി കോടതി ഉത്തരവിട്ടു. നടപടിക്രമം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഉന്നയിച്ച എതിർപ്പ് കോടതി തള്ളി. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിങ്ങിനെ ചോദ്യംചെയ്യലിനായി റൗസ് അവന്യു കോടതി 5 ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു.

Top