പിണറായി സര്‍ക്കാറിനെതിരെ വീണ്ടും കേന്ദ്ര ഏജന്‍സികള്‍, ഇനിയാണ് ‘കളി’

കേന്ദ്ര സര്‍ക്കാര്‍ അവരുടെ സര്‍വ്വ ആയുധങ്ങളുമെടുത്താണ് ഇപ്പോള്‍ പിണറായി സര്‍ക്കാറിനെതിരെ രംഗത്തു വന്നിരിക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴി അടിസ്ഥാനമാക്കി കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിസഭയിലെ മൂന്നു അംഗങ്ങള്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നാണ് സ്വര്‍ണക്കടത്തു കേസ് മുഖ്യപതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കസ്റ്റംസിന്റെ സത്യവാങ്മൂലം മുന്‍ നിര്‍ത്തിയുള്ള ഈ റിപ്പോര്‍ട്ട് കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നതാണ്.

പുതിയ നീക്കം വഴി മുഖ്യമന്ത്രിയെയും സ്പീക്കറെയും മന്ത്രിമാരെയും ചോദ്യം ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്. ഇതിന്റെ നേട്ടം കൊയ്യാന്‍ മത്സരിക്കുന്നതാകട്ടെ യു.ഡി.എഫും ബി.ജെ.പിയുമാണ്. ഏറെ പ്രത്യാഘാതമുണ്ടാക്കുന്ന നീക്കമാണിത്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ കൊണ്ട് മൊഴി കൊടുപ്പിച്ചത് തന്നെ കസ്റ്റംസാണ്. അതു കൊണ്ടു തന്നെ ഇതിനു പിന്നിലെ ‘തിരക്കഥ’ വ്യക്തമാണെന്നാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര നീക്കത്തെ ശക്തമായി നേരിടാന്‍ തന്നെയാണ് സര്‍ക്കാറും തീരുമാനിച്ചിരിക്കുന്നത്. ഒരു കുറ്റവാളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തിരിഞ്ഞാല്‍ ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനം. അത് എത് രൂപത്തിലാകും എന്ന കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കും നിലവില്‍ ആശങ്കയുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ നീക്കത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങവെയാണ് അപ്രതീക്ഷിത നീക്കവുമായി കസ്റ്റംസ് രംഗത്തു വന്നിരിക്കുന്നത്. കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷമായാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രതികരിച്ചിരുന്നത്. ഇതും കേന്ദ്ര ഏജന്‍സികളെ പ്രകോപിപ്പിച്ച ഘടകമാണ്.

പ്രതിപക്ഷം ഇപ്പോള്‍ ‘സെന്‍സേഷനാക്കാന്‍ ‘ ശ്രമിക്കുന്ന സ്വപ്നയുടെ രഹസ്യമൊഴി, മുന്‍പ് തന്നെ ‘പരസ്യമൊഴി’യായി പുറത്തു വന്നിട്ടുള്ളതാണ്. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേരുകള്‍ മാത്രമാണ് ഇപ്പോള്‍ പുതുതായി പുറത്തു വിട്ടിരിക്കുന്നത്. സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത മുന്‍പു തന്നെ കേരളം ചര്‍ച്ച ചെയ്തതാണ്. സ്പീക്കറെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മാധ്യമങ്ങളും ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ആയുധവും ഈ മൊഴി തന്നെയായിരുന്നു. എന്നാല്‍ സ്പീക്കറുടെ മണ്ഡലത്തില്‍ പോലും ഈ പ്രചരണം ഏശിയിരുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം. തകര്‍പ്പന്‍ വിജയം തന്നെയാണ് പൊന്നാനിയിലും ഇടതുപക്ഷത്തിനുണ്ടായിരുന്നത്.

സംസ്ഥാന വ്യാപകമായി ഇടതുപക്ഷം നടത്തിയ മുന്നേറ്റം പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെയുള്ള ചുട്ട മറുപടി കൂടിയായിരുന്നു. ഇതോടെ തല്‍ക്കാലം പിന്‍വാങ്ങിയ കേന്ദ്ര സംഘമാണിപ്പോള്‍ പഴയ ആയുധത്തിന് വീണ്ടും മൂര്‍ച്ച കൂട്ടാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം തന്നെയാണ് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും കരുക്കള്‍ നീക്കുന്നത്. കൈവിട്ട കളിയാണിത്. ആവശ്യമായ തെളിവുകളില്ലാതെ ഏത് നീക്കം കേന്ദ്ര ഏജന്‍സികള്‍ നടത്തിയാലും കൈ പൊള്ളുക തന്നെ ചെയ്യും. ഒരു പ്രതിയുടെ മൊഴിയെ ഗൗരവമായി എടുത്ത് പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാവ്, ശരണ്യ എന്ന യുവതി നല്‍കിയ മൊഴിയും പുറത്തു വിടാന്‍ തയ്യാറാകണം.

ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസ് നിയമന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശരണ്യ മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ ആഭ്യന്തര മന്ത്രിക്കും അദ്ദേഹത്തിന്റെ സ്റ്റാഫിനും എതിരെ ഗുരുതര പരാമര്‍ശമാണുണ്ടായിരുന്നത്. കേവലം മൊഴി മാത്രം മുന്‍ നിര്‍ത്തിയായിരുന്നു നടപടി സ്വീകരിക്കുന്നതെങ്കില്‍ ചെന്നിത്തല കൂടി അന്നു പ്രതിയാകേണ്ടി വരുമായിരുന്നു എന്നാണ് ഡി.വൈ.എഫ്.ഐ നേതാക്കളും ചൂണ്ടിക്കാണിക്കുന്നത്. മുഖമടിച്ചുള്ള ഒന്നാംന്തരം ഒരു മറുപടി കൂടിയാണിത്. യു.ഡി.എഫിന്റെ ഒരു പ്രചരണത്തിന്റെ മുന കൂടിയാണിപ്പോള്‍ ഒടിഞ്ഞിരിക്കുന്നത്. സി.പി.എം – ബി.ജെ.പി രഹസ്യ ധാരണയെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ഇനി അക്കാര്യം ഉന്നയിക്കാന്‍ പോലും കഴിയുകയില്ല.

കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും നടത്തുന്ന നീക്കങ്ങള്‍ ശരിയാണോ എന്നതിന് മറുപടി പറയേണ്ടത് രാഹുല്‍ ഗാന്ധിയാണ്. കേരളത്തിന് പുറത്ത് വെറുക്കപ്പെട്ട ഏജന്‍സികള്‍ എങ്ങനെ കേരളത്തില്‍ മാത്രം കോണ്‍ഗ്രസ്സിന് ആവേശമാകുന്നു എന്നതിന് വ്യക്തമായ മറുപടി തന്നെ വേണം. ആരൊക്കെ എന്തൊക്കെ തന്നെ മൊഴിഞ്ഞാലും ഇടതുപക്ഷത്തിന് തുടര്‍ ഭരണം ആഗ്രഹിക്കാത്തവരില്‍ പ്രമുഖര്‍ സംഘപരിവാര്‍ തന്നെയാണ്. അക്കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. അവസാന കമ്യൂണിസ്റ്റുകളെയും അവസാനിപ്പിക്കുക എന്നത് കാവിപ്പടയുടെ പ്രത്യേയ ശാസ്ത്രപരമായ നിലപാടു കൂടിയാണ്.

ഇടതുപക്ഷത്തിനു കേരളത്തില്‍ ഭരണ തുടര്‍ച്ച ലഭിച്ചാല്‍ ദേശീയ തലത്തില്‍ തന്നെ മതേതര ശക്തികള്‍ക്കാണ് കരുത്ത് വര്‍ദ്ധിക്കുക. ‘കനല്‍ ഒരു തരി മതി’ ആളിപ്പടരാനെന്ന കാര്യത്തില്‍ സാക്ഷാല്‍ മോദിക്കും ഇപ്പോള്‍ സംശയമുണ്ടാകുകയില്ല. കേന്ദ്രത്തെ വിറപ്പിച്ച കര്‍ഷക സമരത്തിന്റെ സൂത്രധാരര്‍ കമ്യൂണിസ്റ്റുകളാണെന്ന് അദ്ദേഹത്തിന് തുറന്നു പറയേണ്ടി വന്നതും അതു കൊണ്ടാണ്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ തിരഞ്ഞെടുപ്പിന്റെ ആവശ്യം പോലും നിലവില്‍ ബി.ജെ.പിക്കില്ല. ഗോവ, കര്‍ണ്ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ അതിനു ഒന്നാംന്തരം ഉദാഹരണങ്ങളാണ്.

ഒടുവില്‍ പുതുച്ചേരി ഇപ്പോള്‍ വീണതും ഖദര്‍ കാവിയണിഞ്ഞപ്പോള്‍ മാത്രമാണ്. പദവികളും പണച്ചാക്കുകളും കണ്ടാല്‍ അതിലേക്ക് ചാടിക്കയറുന്ന ഖദര്‍ ധാരികള്‍ ഒരിക്കലും കാവി രാഷ്ട്രീയത്തെ സംബന്ധിച്ച് ഒത്ത എതിരാളിയല്ല. എന്നാല്‍ കമ്യൂണിസ്റ്റുകള്‍ അങ്ങനെയല്ല. അവര്‍ ഭരണമില്ലെങ്കിലും കാവി രാഷ്ട്രീയത്തിനെതിരെ നിരന്തരം പോരാടും. ഒരു നിലപാട് എടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും. ഇതു തന്നെയാണ് സി.പി.എമ്മിനെ മോദിയുടെ കണ്ണിലെ കരടാക്കി മാറ്റുന്നത്. അതു കൊണ്ട് തന്നെയാണ് ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളും വിടാതെ പിന്തുടരുന്നത്.

 

Top