മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ ഉന്നയിച്ച പരാതിയിലെ 90 ശതമാനം ആശങ്കയും പരിഹരിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കി. അഞ്ചാം തിയതി മോറട്ടോറിയവുമായി ബന്ധപ്പെട്ട കേസ് സുപ്രികോടതി പരിഹരിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

രണ്ട് കോടിവരെയുള്ള ലോണുകളുടെ പലിശയുടെ പലിശ എഴുതി തള്ളാനാണ് തീരുമാനം. ചെറികിട സംരംഭകര്‍, വിഭ്യാഭ്യാസം, വാഹന വായ്പ ഉള്‍പ്പടെയുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കും. തുടര്‍വായ്പയും അധിക വായ്പയും ഉറപ്പാക്കാനും നടപടി സ്വീകരിച്ചതായി കേന്ദ്രം സുപ്രിംകോടതിയില്‍ അറിയിച്ചു. മോറട്ടോറിയം കാലത്തെ പലിശകൂടി എഴുതി തള്ളാനായിരുന്നു കേന്ദ്രം കഴിഞ്ഞ ദിവസം വരെ ശ്രമിച്ചത്. എന്നാല്‍ തുടര്‍ ഇടപടുകള്‍ തടസപ്പെടും വിധം ആസ്തികളെ ബാധിക്കുമെന്ന് ബാങ്കുകള്‍ ബോധ്യപ്പെടുത്തുകയായിരുന്നു.

പലിശകൂടി എഴുതിതള്ളാന്‍ അവസാന നിമിഷം വരെ പരിശ്രമിച്ചെങ്കിലും പ്രതിദിന ഇടപാടുകള്‍ തടസപ്പെടാന്‍ ഇത് കാരണമാകുമെന്ന് ബാങ്കുകള്‍ ബോധ്യപ്പെടുത്തിയതായും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. തുടര്‍വായ്പയും അധിക വായ്പയും യോഗ്യരായവര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

Top