റിപ്പബ്ലിക്ക് ദിന പരേഡില്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിന പരേഡില്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സമിതി നടപടിക്രമങ്ങള്‍ പാലിച്ചാണ് തീരുമാനമെടുത്തത്. സംസ്ഥാനങ്ങള്‍ കത്തെഴുതുന്നത് തെറ്റായ കീഴ്‌വഴക്കം ആണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

2018 ലും 2021 ലും ഇതേ സര്‍ക്കാര്‍ കേരളത്തെ ഉള്‍പ്പെടുത്തിയതാണ്. സുഭാഷ് ചന്ദ്ര ബോസിനെ അപമാനിച്ചെന്ന ബംഗാളിന്റെ വാദവും തെറ്റാണ്. പരേഡില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ച നിശ്ചലദൃശ്യങ്ങളില്‍ ഒന്നില്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ റിപ്പബ്ലിക് ദിന നിശ്ചലദൃശ്യങ്ങള്‍ ഒഴിവാക്കിയതിനെതിരെ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി. സ്വാതന്ത്ര്യസമര സേനാനികളുടെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുള്ള കേരളത്തിന്റെ റിപ്പബ്ലിക് ദിന നിശ്ചല ദൃശ്യം ഒഴിവാക്കായത് വിവാദമായ പശ്ചാത്തലത്തിലാണ് വിമര്‍ശനം ഉയരുന്നത്. തൊട്ടുകൂടായ്മക്കെതിരെ പോരാടിയ ശ്രീനാരായണ ഗുരുവിന്റെ സംഭാവനകളെ എടുത്ത് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു അടക്കമുള്ളവര്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു. കര്‍ണാടകയിലെ ബസവണ്ണയോപ്പോലെയാണ് ശ്രീനാരായണ ഗുരുവും. അസ്തിത്വവാദികള്‍ക്കും മതമൗലികവാദികള്‍ക്കും ഗുരുവിനെ അംഗീകരിക്കാനികില്ലെന്നും കേന്ദ്ര നടപടിയെ എതിര്‍ത്ത് ദിനേശ് ഗുണ്ടുറാവു കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ നടപടി ഞെട്ടിച്ചെന്ന് ബംഗാളിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെ വിമര്‍ശിച്ച് മമത ബാനര്‍ജിയും പ്രതികരിച്ചു. സുബാഷ് ചന്ദ്രബോസ്, ബിര്‍സ മുണ്ട അടക്കമുള്ളവരെ അദരിക്കാനായി ഒരുക്കിയ നിശ്ചലദൃശ്യം ഒഴിവാക്കിയത് പശ്ചിമ ബംഗാളിലെ ജനങ്ങളെ വേദനപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ മമത ബാനര്‍ജി പറഞ്ഞു. എന്നാല്‍ നിലവാരമില്ലാത്തത് കൊണ്ട് മാത്രമാണ് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതും മറ്റ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ബിജെപി പ്രതികരിച്ചു.

ശ്രീനാരായണ ഗുരുവും ജഡായുപ്പാറയും ഉള്‍പ്പെട്ട വിഷയമായിരുന്നു അവസാനഘട്ടത്തില്‍ അനുമതി നിഷേധിച്ചത്. നിശ്ചലദൃശ്യം ഒഴിവാക്കിയതില്‍ ശിവഗിരി മഠവും പ്രതിഷേധം അറിയിച്ചിരുന്നു. 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങള്‍ക്കാണ് അന്തിമ പട്ടികയില്‍ ഇടം ലഭിച്ചിട്ടുള്ളത്. ഇതില്‍ മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമേ പ്രതിപക്ഷം ഭരിക്കുന്നതായുള്ളൂ.

Top