കോവിഡ് വ്യാപനം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി പുതിയ പദ്ധതി രൂപികരിച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ഗ്രാമപ്രദേശങ്ങളിലെ നിരീക്ഷണം, ഡോക്ടര്‍മാരുമായി ടെലി കണ്‍സള്‍ട്ടേഷന്‍, ആന്റിജന്‍ ടെസ്റ്റിംഗിനുള്ള പരീശീലനം തുടങ്ങിയവയാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ ഉള്ളത്.

കോവിഡ് നിയന്ത്രിക്കുന്നതിനായി ഗ്രാമ പ്രദേശങ്ങളിലും അര്‍ധ നഗര പ്രദേശങ്ങളിലും സാമൂഹ്യ സേവനങ്ങളും പ്രാഥമിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കണമെന്നാണ് നിര്‍ദേശം. എല്ലാ ഗ്രാമങ്ങളിലും ആശാ വര്‍ക്കര്‍മാര്‍ പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പടെയുള്ള രോഗ വ്യാപനങ്ങള്‍ ഉണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കുകയും ജലദോഷം, പകര്‍ച്ചപ്പനി, ശ്വാസസംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടോ എന്നും കൃത്യമായി നിരീക്ഷിക്കണം.

കോവിഡ് സംബന്ധമായത് ഉള്‍പ്പടെ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് കമ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാരുമായി ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യം ഏര്‍പ്പാട് ചെയ്യണം. മറ്റ് ഗുരുതര അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഓക്‌സിജന്‍ ലെവല്‍ താഴ്ന്നവരെയും അടുത്തുള്ള മികച്ച ആശുപത്രികളിലേക്ക് മാറ്റണം തുടങ്ങിയവയാണ് മാര്‍ഗരേഖയില്‍ പറയുന്നത്.

Top