പുതിയ വൈദ്യുത വാഹന നയവുമായി കേന്ദ്രം: ഇ–വാഹനമേഖലയിൽ ആഗോള കാർ നിർമാതാക്കളെയെത്തിക്കും

പുതിയ വൈദ്യുത വാഹന നയം പ്രഖ്യാപിച്ച് കേന്ദ്രം. വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 85 ശതമാനത്തോളം കുറച്ചുകൊണ്ടുള്ള നയമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഇ–വാഹന മേഖലയിൽ പ്രമുഖ ആഗോള നിർമാതാക്കളുടെ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ ഇരിക്കുന്ന ഇലോൺ മസ്കിന്റെ ടെസ്‌ല ഉൾപ്പെടെയുള്ള കമ്പനികൾക്ക് വലിയ ഊർജമേകുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

ഇ–വാഹന മേഖലയിൽ 4150 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയാറുള്ള, ആഭ്യന്തര ഉല്പാദന കേന്ദ്രം ആരംഭിക്കുന്ന നിർമാതാക്കൾക്കായിരിക്കും നികുതി ഇളവ് ലഭ്യമാകുക. ഇന്ത്യയെ ലോകത്തെ പ്രധാനപ്പെട്ട ഇ വാഹന നിർമാണ കേന്ദ്രമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ഗുജറാത്തിൽ ടെസ്‌ലയുടെ നിർമാണ പ്ലാൻറ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ അവസാന ഘട്ടത്തിലാണെന്ന് ബ്ലൂംബെർഗ് ഡിസംബറിൽ അറിയിച്ചിരുന്നു. രാജ്യത്ത് ചൈന നിർമിച്ച കാറുകൾ വിൽക്കുന്നത് അവസാനിപ്പിക്കണമെന്നും ആഭ്യന്തര ഉല്പാദനം ആരംഭിക്കണമെന്നും ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു. 2019–ൽ തന്നെ ഇന്ത്യയിൽ ടെസ്‌ലയുടെ നിർമാണ പ്ലാൻറ് ആരംഭിക്കുന്നതിനായി മസ്ക് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ വർധിച്ച ഇറക്കുമതി തീരുവയാണ് അദ്ദേഹം തടസ്സമായി ചൂണ്ടിക്കാട്ടിയത്. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന മസ്കിന്റെ ആവശ്യത്തോട് സർക്കാർ ഇതുവരെ മുഖം തിരിച്ചുനിൽക്കുകയായിരുന്നു.

പുതിയ വൈദ്യുത വാഹന നയപ്രകാരം ഇന്ത്യയിലെ ഇ വാഹന മേഖലയിൽ 4150 കോടി രൂപ നിക്ഷേപിക്കുന്നവർക്കാണ് സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നുവർഷത്തിനുള്ളിൽ നിർമാണ യൂണിറ്റ് ആരംഭിക്കുകയും വേണം. കേന്ദ്രത്തിന്റെ നിർദേശങ്ങൾ പാലിക്കുന്ന കമ്പനികൾക്ക് അഞ്ചുവർഷത്തേക്ക് 15 ശതമാനം ഇറക്കുമതി തീരുവയിൽ പരമാവധി 8000 വൈദ്യുത വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ സാധിക്കും. സികെഡി യൂണിറ്റുകൾക്ക് മാത്രമാണ് ഇത് ബാധകം.

നിലവിൽ ഇറക്കുമതി ചെയ്യുന്ന കാറുകളുടെ മൂല്യമനുസരിച്ച് 70–100 ശതമാനം നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. ഇന്ത്യയിൽ നിർമാണ യൂണിറ്റ് തുടങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയവരിൽ ടെസ്‌ലയ്ക്ക്  പുറമേ വിയറ്റ്നാമീസ് കമ്പനിയായ വിൻഫാസ്റ്റുമുണ്ട്.

എന്നാൽ ഇന്ത്യൻ വൈദ്യുത വാഹന നിർമാതാക്കളായ മഹീന്ദ്രയും ടാറ്റയും ഈ നയത്തെ അനുകൂലിക്കുന്നില്ല. ഇന്ത്യയിൽ കരുത്തുറ്റ വാഹനവ്യവസായം രൂപീകരിക്കുന്നതിന് വേണ്ടി പ്രാദേശിക നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടെതെന്ന നിലപാടാണ് ഈ കമ്പനികൾക്കുള്ളത്.

ഇന്ത്യൻ കാർ വിപണിയിൽ കഴിഞ്ഞ വർഷം വിറ്റുപോയ കാറുകളിൽ രണ്ടുശതമാനം മാത്രമാണ് വൈദ്യുത വാഹനങ്ങൾ. 2030 ആകുമ്പോഴേക്കും ഇത് 30 ശതമാനമാക്കി ഉയർത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഒപ്പം വാഹന നിർമാതാക്കളെ ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

Top