രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കോടിയുടെ വികസന പദ്ധതികളുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കോടിയുടെ വികസന പദ്ധതികളുമായി മോദി സര്‍ക്കാര്‍. ഇന്ന് പ്രധാനമന്ത്രി ത്രിപുരയിലും മണിപ്പൂരിലും സന്ദര്‍ശനം നടത്തുന്നുണ്ട്. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ കര്‍മ്മവും പ്രധാനമന്ത്രി നിര്‍വഹിക്കും.

4800 കോടിയുടെ 22 പ്രോജക്ടുകള്‍ ഇംഫാലില്‍ പ്രധാനമന്ത്രി തുടക്കം കുറിക്കും. അഗര്‍ത്തലയില്‍ മഹാരാജ ബീര്‍ ബിക്രം എയര്‍പോര്‍ട്ടിലെ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. രണ്ട് പുതിയ വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.

ഈ വര്‍ഷം മാര്‍ച്ചിലാണ് മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. കൊവിഡ് ഒമിക്രോണ്‍ ഭീതിയാണ് കാരണം. മണിപ്പൂരില്‍ 1850 കോടിയുടെ 13 പ്രോജക്ടുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 2950 കോടിയുടെ ഒന്‍പത് പ്രോജക്ടുകള്‍ക്ക് തറക്കല്ലിടും.

ആരോഗ്യം, റോഡ് വികസനം, കുടിവെളള വിതരണം, ഐടി, കല, സാംസ്‌കാരിക, നൈപുണ്യ വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിടുക. അഞ്ച് ദേശീയപാതാ പദ്ധതികള്‍ക്കായി 1700 കോടിയാണ് നീക്കിവച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു. ബരാക് നദിക്ക് കുറുകെ 75 കോടി ചിലവഴിച്ചുളള സ്റ്റീല്‍ നിര്‍മ്മിത പാലവും ഇന്ന് ഉദ്ഘാടനം ചെയ്യുന്നുണ്ട്.

Top