കോവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ ഉറപ്പാക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല കത്തയച്ചു.

കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയ ശേഷം വേണം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും. കേസുകള്‍ കുറയുന്നതോടെ ഇളവുകള്‍ നല്‍കേണ്ടത് ആവശ്യമാണ്. എന്നാല്‍, എല്ലാം കൃത്യമായി അവലോകനം ചെയ്തുവെന്ന് ഉറപ്പാക്കിയതിന് ശേഷം വേണം എല്ലാം നടപ്പാക്കാനെന്നും അദ്ദേഹം പറഞ്ഞു.

കേസുകള്‍ ഉയരുമ്പോള്‍ അത് കൃത്യമായി വിലയിരുത്തുന്നതിനായി മൈക്രോ ലെവലില്‍ ഒരു സംവിധാനം ഉണ്ടായിരിക്കണം. കോവിഡ് പ്രതിരോധത്തിന് വാക്സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ സെക്രട്ടറി സംസ്ഥാനങ്ങള്‍ പ്രതിരോധ കുത്തിവെപ്പ് വിതരണം ചെയ്യുന്നത് വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top