അധികം കടമെടുക്കാന്‍ വൈദ്യുതിബോര്‍ഡിന്റെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രം

തിരുവനന്തപുരം: അധികമായി കടമെടുക്കണമെങ്കില്‍ വൈദ്യുതിബോര്‍ഡിന്റെ നിലവിലുള്ളതും ഭാവിയില്‍ വരാവുന്നതുമായ ബാധ്യത സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

കടമെടുക്കാനുള്ള അര്‍ഹതാമാനദണ്ഡങ്ങളില്‍ വൈദ്യുതി വിതരണക്കമ്പനികളുടെ സ്വകാര്യവത്കരണവും പാചകവാതകത്തിന് ഏര്‍പ്പെടുത്തിയപോലെ സബ്‌സിഡി അക്കൗണ്ടില്‍ നേരിട്ടുനല്‍കുന്നതും ഉള്‍പ്പെടുത്തി.

കേന്ദ്ര ധനമന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ സുമിത് അഗ്രവാള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഈ നിര്‍ദേശം. സംസ്ഥാനങ്ങളിലെ വൈദ്യുതിമേഖലയിലെ കേന്ദ്രനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും സ്വകാര്യവത്കരണത്തിന് വേഗംകൂട്ടാനും ലക്ഷ്യമിടുന്ന നിര്‍ദേശങ്ങളാണിത്.

കേരളത്തിലെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിങ്ങിന് കത്തുലഭിച്ചു. സര്‍ക്കാര്‍ ഉടന്‍ ഇത് ചര്‍ച്ചചെയ്യും. 15-ാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശയനുസരിച്ചാണ് ഈ നിബന്ധനകള്‍. 2021-’22 മുതല്‍ 2024-’25 വരെയുള്ള നാലുവര്‍ഷത്തേക്കാണ് ഇങ്ങനെ കടമെടുക്കാന്‍ അനുവദിക്കുന്നത്.

കടമെടുക്കാന്‍ രണ്ടുതരം നിബന്ധനകളാണുള്ളത്. കടമെടുപ്പിന് അര്‍ഹമാകാനുള്ള പ്രാഥമിക നിബന്ധനകളും സ്‌കോര്‍ കണക്കാക്കുന്നതിനുള്ള നിബന്ധനകളും. പ്രാഥമിക നിബന്ധനകള്‍ അംഗീകരിച്ചാല്‍ കടമെടുപ്പ് അനുവദിക്കുന്നതിന് സംസ്ഥാനങ്ങളെ പരിഗണിക്കൂ. ഇതില്‍ പ്രധാനം വൈദ്യുതിവിതരണക്കമ്പനികളുടെ ബാധ്യത ഏറ്റെടുക്കലാണ്.

കഴിഞ്ഞ വര്‍ഷത്തെ നഷ്ടത്തിന്റെ 50 ശതമാനം ഈ വര്‍ഷം ഏറ്റെടുക്കണം. കേരളത്തില്‍ ഇത് ഏതാണ്ട് 2100 കോടിരൂപ വരും. ഈവര്‍ഷം അരശതമാനം കൂടുതല്‍ കടമെടുത്താല്‍ കിട്ടുന്നത് 4000 കോടിയും. പകുതിയും വൈദ്യുതിബോര്‍ഡിന് കൊടുക്കേണ്ടിവരും.

തുടര്‍ന്നുള്ള ഓരോ വര്‍ഷവും മുന്‍വര്‍ഷത്തെ നഷ്ടത്തിന്റെ നിശ്ചിത വിഹിതം ഏറ്റെടുക്കുമെന്ന് സമ്മതിക്കുകയും വേണം. അടുത്തവര്‍ഷം 60 ശതമാനം, അതിനടുത്ത വര്‍ഷം 75 ശതമാനം, അതിനടുത്ത വര്‍ഷം 90 ശതമാനം. 2025-’26 സാമ്പത്തികവര്‍ഷം മുതല്‍ നഷ്ടം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം. ബോര്‍ഡിന്റെ കണക്കുകള്‍ കേന്ദ്രത്തെയും അറിയിക്കണം.

 

Top