ആരോഗ്യ ഐ.ഡി കരട് നയം; ജാതിയും രാഷ്ട്രീയവും നല്‍കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ആരോഗ്യ ഐ.ഡി കരട് നയത്തില്‍ വിവാദ വ്യവസ്ഥകളുമായി കേന്ദ്ര സര്‍ക്കാര്‍. ഐ.ഡി. തയ്യാറാക്കുന്നതിലേക്ക് വ്യക്തിയുടെ ജാതിയും മതവും രാഷ്ട്രീയ ചായ്വും ലൈംഗിക താത്പര്യവും നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. സെപ്റ്റംബര്‍ മൂന്നു വരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.

ഓരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങള്‍ അടങ്ങുന്ന ഐ.ഡി. തയ്യാറാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയം കരട് നയം ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഹെല്‍ത്ത് മാനേജ്മെന്റ് നയപ്രകാരം വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണം. രോഗങ്ങളും ചികിത്സാ വിവരങ്ങളും നല്‍കുന്നതിനു പുറമേ ജാതി, മതവിശ്വാസം, ലൈംഗിക താല്‍പര്യം, ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയും സര്‍ക്കാര്‍ തേടും.

എന്നാല്‍ ഇത് നല്‍കാതിരിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കരടില്‍ പറയുന്നുണ്ട്. താത്പര്യമുണ്ടെങ്കില്‍ മാത്രം ഈ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. അല്ലാത്തപക്ഷം ഈ ഹെല്‍ത്ത് ഐ.ഡി. കാര്‍ഡ് വേണ്ടെന്നു വെക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും കരടില്‍ പറയുന്നു.

കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും അതത് ചികിത്സ കേന്ദ്രങ്ങളില്‍ മാത്രമേ ഈ വിവരങ്ങള്‍ സൂക്ഷിക്കുകയുള്ളൂ. ഗവേഷണത്തിന് വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ ആ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ദേശവും കരടില്‍ നല്‍കിയിട്ടുണ്ട്.

Top