കൊവിഡില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി : കൊവിഡ് രോഗബാധയെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയെ തുടര്‍ന്ന് രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി വഴി 18 വയസ്സ് തികയുന്നവര്‍ക്ക് പ്രതിമാസ സ്‌റ്റൈപന്‍ഡ് നല്‍കും. ഇവര്‍ക്ക് 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. പിഎം കെയേഴ്‌സിന് കീഴില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പണം നല്‍കുക.

ധനസഹായം നല്‍കുന്നതിന് പുറമേ കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ചിലവ് പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നും നല്‍കും. യൂണിഫോം, പുസ്തകങ്ങള്‍ എന്നിയുടെ ചിലവും സര്‍ക്കാര്‍ വഹിക്കും. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ചേരാനാഗ്രഹിക്കുന്നവരുടെ ഫീസുള്‍പ്പെടെയുള്ള ചിലവും ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ നല്‍കും.

ഇതിന് പുറമേ വിവിധ സ്‌കോളര്‍ഷിപ്പുകളും വിദ്യാര്‍ത്ഥികള്‍ക്കായി രൂപീകരിക്കും. വിദ്യാഭ്യസത്തിന് പുറമേ ചികിത്സാ ചിലവുകളും ആയുഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വഹിക്കും. 18 വയസുവരെ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയും കേന്ദ്രസര്‍ക്കാര്‍ നല്‍കും. നിലവില്‍ കൊവിഡില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന് പുറമേയാണ് കേന്ദ്രത്തിന്റെ സഹായം.

Top